ഭീകരവാദത്തെ ഒറ്റക്കെട്ടായി എതിർക്കണം: സാദിഖലി തങ്ങൾ
Thursday, April 24, 2025 2:40 AM IST
മലപ്പുറം: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെ രാജ്യത്തെ സമാധാനത്തിനു ഭംഗം സംഭവിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാവരും ഒറ്റക്കെട്ടായി ഭീകരവാദത്തെ എതിർക്കേണ്ടതുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട്ടെ വസതിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം ഒന്നിനും പരിഹാരമല്ല. ജനാധിപത്യ രീതിയിലാണു പ്രതിഷേധങ്ങൾ അറിയിക്കേണ്ടത്. പഹൽഗാമിലുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കാഷ്മീർ ലോകത്തുടനീളമുള്ള മനുഷ്യർ ഉറ്റുനോക്കുന്ന ഇടമാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനാൽത്തന്നെ കേന്ദ്ര സർക്കാർ ജമ്മു കാഷ്മീരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഭീകരാക്രമണത്തെ തുടർന്ന് ജമ്മുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഭീകരവാദവും ഇസ്ലാം മതവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇസ്ലാമിക ചരിത്രം പരിശോധിച്ചാൽ അത് മനസിലാകും. അക്രമികൾ ഭീകരവാദത്തിനായി മതത്തെ ഉപയോഗിക്കുകയാണ്.
അക്രമികളെ നേരിടുന്നത് എങ്ങനെയാണോ അതുപോലെതന്നെ ഭീകരരെയും നേരിടണം. അതിൽ മതത്തെ കൂട്ടിക്കുഴയ്ക്കരുത്. എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. എന്നാൽ അതിനു മതവുമായി ബന്ധമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണ്.
തീവ്രവാദം അവസാനിപ്പിക്കാൻ എന്താണോ ചെയ്യേണ്ടത് അതെല്ലാം ചെയ്യണം. രാഷ്ട്രീയപരമായ ഒരുപാട് വിയോജിപ്പുകൾ കാഷ്മീർ വിഷയത്തിലുണ്ടെന്നും എന്നാൽ സമാധാനപരമായ അന്തരീക്ഷത്തിൽ അതെല്ലാം ചർച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.