ഐബി ഉദ്യോഗസ്ഥയുടെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്
Wednesday, April 23, 2025 2:11 AM IST
കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സഹപ്രവര്ത്തകന് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. മുരളീകൃഷ്ണയുടെ ഉത്തരവ്.
ഹര്‍ജിക്കാരനെതിരായ ആരോപണം ഗൗരവതരമാണെന്നു വിലയിരുത്തിയാണ് കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മുന്‍കൂര്‍ ജാമ്യഹർജിയെ എതിര്‍ത്ത് യുവതിയുടെ അമ്മയും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
ഉദ്യോഗസ്ഥയുടെ മരണത്തില്‍ തന്റെ പങ്ക് സംശയിച്ച് മാതാപിതാക്കള്‍ പരാതി നല്കിയ പശ്ചാത്തലത്തിലാണു കോടതിയെ സമീപിച്ചതെന്നാണ് ഹര്ജിക്കാരന് പറയുന്നത്. തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിനെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തത് യുവതിയില്‍ വലിയതോതില്‍ മാനസിക സമ്മര്‍ദത്തിന് ഇടയാക്കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.