പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
Thursday, April 24, 2025 2:40 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ (65) മൃതദേഹം കൊച്ചിയിലെത്തിച്ചു.
ഇന്നലെ രാത്രി 7.40 ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം മന്ത്രി പി.പ്രസാദും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും ചേര്‍ന്ന് ഏറ്റുവാങ്ങി. മൃതദേഹം കൊച്ചിയിലെ റിനൈ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വിദേശത്തുള്ള സഹോദരന് എത്തിയശേഷം നാളെ സംസ്കരിക്കും. നാളെ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം ഉണ്ടാകും. 9.30ന് ഇടപ്പള്ളി മോഡേണ്‍ ബ്രഡിനു സമീപം മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടിലെത്തിക്കും. ചടങ്ങുകള്‍ക്കുശേഷം 11.30ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിലാണ് സംസ്കാരം.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കൃഷിമന്ത്രി പി.പ്രസാദ് പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പള്ളി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം തുടങ്ങിയവരും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രതിനിധികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാമചന്ദ്രനൊപ്പം കാഷ്മീരിലേക്കു പോയ ഭാര്യ ഷീല, മകള്‍ ആരതി മേനോന്, ഇവരുടെ ഇരട്ടക്കുട്ടികളായ കേദാര്‍ എസ്. മേനോന്, ദ്രുപത് എസ്. മേനോന് എന്നിവരും ഇന്നലെ മൃതദേഹത്തിനൊപ്പം മടങ്ങിയെത്തി.
രാമചന്ദ്രന്റെ മകന് അരവിന്ദ് മേനോന് ബംഗളൂരുവില്‍ ജോലി ചെയ്യുന്നതിനാല്‍ യാത്രയ്ക്കു പോയിരുന്നില്ല. മരുമക്കള്‍: ശരത് (ദുബായ്),വിനീത (ബംഗളൂരു).
തിങ്കളാഴ്ചയാണു രാമചന്ദ്രന് കുടുംബസമേതം കാഷ്മീരിലേക്കു പോയത്. നെടുമ്പാശേരിയില്‍നിന്നു വിമാനത്തില്‍ ഹൈദരാബാദിലേക്കും അവിടെയുള്ള ബന്ധുവീട് സന്ദര്‍ശിച്ചശേഷം അവിടെനിന്ന് കാഷ്മീരിലേക്കുമായിരുന്നു യാത്ര. ചൊവ്വാഴ്ചയാണു സംഘം പഹല്‍ഗാമിലെത്തിയത്. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രനു വെടിയേറ്റത്.
15 വര്‍ഷമായി ദുബായില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന് രണ്ടു വര്‍ഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. പിന്നീട് ചില സ്ഥാപനങ്ങളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.