പട്ടയഭൂമി വനഭൂമിയാണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; വണ്ണപ്പുറത്ത് കർഷകർ പ്രക്ഷോഭത്തിലേക്ക്
Thursday, April 24, 2025 2:40 AM IST
തൊമ്മൻകുത്ത്: വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയം ലഭിച്ചതും ജോയിന്റ് വെരിഫിക്കേഷൻ നടത്തിയതും വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചതിനു പുറത്തുള്ള സ്ഥലവും ഉൾപ്പെടെ 4005 ഏക്കർ ഭൂമി വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ വനംവകുപ്പിന് റിപ്പോർട്ട് നൽകിയതിനെതിരേ കർഷകർ വൻ പ്രക്ഷോഭത്തിലേക്ക്.
കഴിഞ്ഞ ദിവസം തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി പാരീഷ് ഹാളിൽ ചേർന്ന കർഷകരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി കാളിയാർ റേഞ്ച് ഓഫീസിലേക്ക് മാർച്ചും മാർച്ചും ധർണയും നടത്തും.
നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പ് പിഴുതെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാരങ്ങാനത്ത് താമസിക്കുന്നവരുടെ വീട്ടുമുറ്റത്ത് കുരിശു നാട്ടി പ്രതിഷേധിക്കും.
വണ്ണപ്പുറം പഞ്ചായത്തിലെ മുഴുവൻ പട്ടയ അപേക്ഷകളിലും ഉടൻ തീരുമാനമെടുക്കണമെന്നും കൈവശഭൂമിയിലേക്കുള്ള വനംവകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പട്ടയ-കൈവശ ഭൂമികൾ വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരേയും കുരിശു പിഴുത സംഭവത്തിവനെതിരെയും മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകും. ഇതിനു പുറമെ വനംമന്ത്രി, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ, എന്നിവർക്ക് നിവേദനം നൽകും. ഇതിനു പുറമെ പട്ടയം ലഭിച്ചവരുടെ ഭൂമി വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയതിനെതിരെ രേഖകൾ സഹിതം കളക്ടർക്ക് പരാതി നൽകും.
ആറര പതിറ്റാണ്ടായി ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയ വണ്ണപ്പുറം വില്ലജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാരങ്ങാനം ജാഗ്രതാ സമിതി ജില്ലാ കളക്ടർ, തൊടുപുഴ തഹസിൽദാർ എന്നിവർക്ക് പരാതി നൽകി.
വില്ലജ് ഓഫീസർ 4005 ഏക്കർ ഭൂമിയിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പരിശോധന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പരാതിയിൽ പറയുന്നു. വനം വകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് പുറത്തുള്ള ഭൂമി വനമാണെന്ന് പരിശോധന നടത്താതെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന്റ നടപടി കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഉയർന്ന റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സത്യസന്ധമായ റിപ്പോർട്ട് തയാറാക്കണമെന്നും ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.