ശക്തമായ തിരിച്ചടി നൽകണമെന്ന് എ.കെ. ആന്റണി
Thursday, April 24, 2025 2:40 AM IST
സാബു ജോണ്
തിരുവനന്തപുരം: പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി. അത് സംഭവിക്കുമെന്നാണു താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദീപികയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആക്രമണത്തിനു പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. വലിയ തോതിലുള്ള ആസൂത്രണവും ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാണ്. ഇത് ഒരു ഭീകരസംഘടനയ്ക്കു തന്നെ ചെയ്യാൻ സാധിക്കില്ല. പാക്കിസ്ഥാൻ സൈന്യത്തിലെ ഉന്നതരുടെ അറിവോടെയാണ് ഇതു നടന്നിരിക്കുന്നത്.
പാക്കിസ്ഥാനിലെ രാഷ്്ട്രീയ നേതൃത്വത്തിന് ഒരുപക്ഷേ ഇതേക്കുറിച്ച് അറിവുണ്ടായിരിക്കില്ല.അവിടെ സൈന്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് സൈനിക നേതൃത്വമാണ്. അതിൽ രാഷ്്ട്രീയ നേതൃത്വത്തെ ഉൾപ്പെടുത്താറില്ല. ആരെങ്കിലും അതിനു ശ്രമിച്ചിട്ടുണ്ടെങ്കിൽ അവരെല്ലാം പുറത്തായതാണ് അനുഭവം.
അതിർത്തിയിൽ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള പാക്കിസ്ഥാൻ സൈനികരുടെ പോസ്റ്റുകൾക്കു പിന്നിൽ പാക്കിസ്ഥാന്റെ മണ്ണിൽ വലിയ തോതിൽ തീവ്രവാദ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ പരിധിയും വിട്ട ഘട്ടങ്ങളിൽ മുന്പും അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം അവരുടെ ക്യാന്പുകൾക്കു നേരേ ആക്രമണം നടത്തിയിട്ടുണ്ട്.
കാഷ്മീരിൽ ഭീകരാക്രമണം തുടർക്കഥയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീകരരുടെ ആക്രമണങ്ങൾ വർധിച്ചിട്ടുമുണ്ട്. എന്നാൽ അതെല്ലാം ചെറിയ തോതിലുള്ള ആക്രമണസംഭവങ്ങളായിരുന്നു. ഇപ്പോൾ നടന്നത് വൻതോതിലുള്ളതാണ്. അതിനു പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിച്ചുകൊണ്ടിരിക്കുന്പോഴാണ് ആക്രമണമുണ്ടാകുന്നത്. സൗദി അറേബ്യയും ഖത്തറുമൊക്കെ ഭീകരരെ സഹായിക്കുന്ന നിലപാടുള്ള രാജ്യങ്ങളായിരുന്നു. എന്നാൽ, സമീപകാലത്തായി അവർ നിലപാടു മാറ്റി. താൻ പ്രതിരോധമന്ത്രി ആയിരുന്ന കാലത്ത് സൗദി അറേബ്യയുമായി സൈനിക സഹകരണത്തിനു ധാരണയായി.
ഒപ്പുവച്ചത് അതിനടുത്ത വർഷം ആയിരുന്നു എന്നു മാത്രമേയുള്ളു. കൂടുതൽ മുസ്ലിം രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടു വരികയാണ്. ഇപ്പോൾ ഗൾഫ് രാജ്യങ്ങളുടെ ഫോറങ്ങളിൽ കാഷ്മീർ പ്രശ്നം ആരും ഉന്നയിക്കുന്നില്ല. ഇതു പാക്കിസ്ഥാൻ സൈന്യത്തിനു സഹിക്കാൻ സാധിക്കുന്നതല്ല.
കാഷ്മീരിന്റെ ഉൾപ്രദേശങ്ങളിൽ വരെ വിദേശത്തുനിന്നുൾപ്പെടെയുള്ള ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിരുന്നു. ജനങ്ങളുടെ സാന്പത്തികനിലയും ജീവിതനിലവാരവും മെച്ചപ്പെട്ടു. ജനങ്ങൾ സമാധാനജീവിതം അനുഭവിച്ചു തുടങ്ങി. ഈയൊരു പശ്ചാത്തലത്തിൽ കാഷ്മീരിന്റെ സന്പദ്ഘടനയെ തകർക്കാനും സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുംവേണ്ടിയാണ് ഭീകരാക്രമണം നടത്തിയത്.
ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായാണ് അപലപിച്ചത്. കാഷ്മീരിലെ ജനങ്ങളാണ് ഭീകരർക്കെതിരേ രംഗത്തു വന്നത്. കാഷ്മീരിന്റെ വിവിധ ഭാഗങ്ങളിൽ രോഷാകുലരായ ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയാണു കാണുന്നത്. പാക്കിസ്ഥാനു ശക്തമായ തിരിച്ചടി കൊടുക്കണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇതുവഴിയൊന്നും ഇന്ത്യയെ പേടിപ്പിക്കാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശം നൽകണം. കാഷ്മീർ സമാധാനത്തിലേക്കു മടങ്ങുമെന്ന് ഉറപ്പാക്കണം.
സൈനികരെ ഒരുതരത്തിലും കുറ്റപ്പെടുത്തില്ല. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ വരെ ആക്രമണത്തിനിരയായതു നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ സൈനികർ മികച്ച പരിശീലനം ലഭിച്ചവരാണ്, ധീരരാണ്. അവരുടെ രാജ്യസ്നേഹം എടുത്തുപറയേണ്ടതാണ്. പാക്കിസ്ഥാന് ഉചിതമായ തിരിച്ചടി നൽകാൻ അവർക്കു സാധിക്കും.
പാക്കിസ്ഥാനു മറുപടി കൊടുക്കാനുള്ള തീരുമാനം മാത്രം ഭരണ നേതൃത്വം എടുക്കുക. എപ്പോൾ, എങ്ങനെ തിരിച്ചടി കൊടുക്കണമെന്നു സൈനിക നേതൃത്വം തീരുമാനിക്കട്ടെ. അതായിരിക്കും ഉചിതം- ആന്റണി പറഞ്ഞു.