ദുരൂഹതകള്‍ ബാക്കിയാക്കി മൂന്നു മരണങ്ങള്
Wednesday, April 23, 2025 2:11 AM IST
കോട്ടയം: മകന് ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് ഇദ്ദേഹവും ഭാര്യയും ദുരൂഹസാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടത്.
2017 ജൂണ്‍ 13നാണ് തെള്ളകത്തെ റെയില്‍വേ ട്രാക്കില്‍ മകന് ഗൗതമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാരിത്താസ് ജംഗ്ഷനും അമ്മഞ്ചേരിക്കും ഇടയിലെ റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ഗൗതമിന്റെ കാര്‍. കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറിനുള്ളില്‍ രക്തപ്പാടുകളുമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കാറില്ത്തന്നെയുണ്ടായിരുന്നതിനാല് മോഷണത്തിനു വേണ്ടിയുള്ള കൊലയാകാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു.
സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചു മരിച്ചു എന്നായിരുന്നു അന്വേഷണത്തിലെ നിഗമനം. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരേ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
പോലീസ് അന്വേഷണത്തില്‍ തൃപ്തനാകാതെ വിജയകുമാര്‍ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു.
അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
കാറില്‍ രക്തക്കറ കണ്ടെത്തിയതും കഴുത്തില്‍ മുറിവേറ്റയാള്‍ക്ക് 204 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിലേക്ക് തനിയെ നടന്നു പോകാന്‍ സാധിക്കില്ലെന്നും ട്രെയിനിനു മുമ്പില്‍ ചാടി മരിച്ചതല്ലെന്നും കോടതി നിരീക്ഷിച്ചു, ട്രാക്കിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി വിധിച്ചു.
മുന്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ടി. ആസിഫലിയായിരുന്നു വാദിഭാഗത്തിനുവേണ്ടി വാദിച്ചത്. അന്വേഷണത്തിന് ഉത്തരവുവന്ന രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കുടുംബംതന്നെ ഇല്ലാതായതു ദുരൂഹത വര്‍ധിപ്പിക്കുന്നു.