പി.വി. അൻവറിന്റെ കോണ്‍ഗ്രസ് പ്രവേശനം: ഇന്നു ചർച്ച
Wednesday, April 23, 2025 2:11 AM IST
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് പ്രവേശനം വേണമെന്ന മുൻ എംഎൽഎ പി.വി. അൻവറിന്റെ ആവശ്യത്തിൽ ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തും. പി.വി. അൻവറിന്റെ വിലപേശലിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ എതിർപ്പ് മറികടന്ന് കോണ്‍ഗ്രസിന്റെ ഭാഗമാക്കുന്നതും ഇന്നു നടക്കുന്ന ചർച്ചയുടെ ഭാഗമാകും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നു രാവിലെ 10.30ന് കന്റോണ്‍മെന്റ് ഹൗസിലാണ് പി.വി. അൻവർ ചർച്ച നടത്തുക.
തൃണമൂൽ കോണ്‍ഗ്രസുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിച്ച് എത്തിയാൽ മാത്രമേ അൻവറിന്റെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകൂ. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ യുഡിഎഫ് പ്രവേശനം ഉടൻ വേണമെന്ന വിലപേശലാണ് അൻവർ നടത്തുന്നത്. എന്നാൽ, അൻവറുമായി സഹകരണം മതിയെന്നും മുന്നണിയുടെ ഭാഗമാക്കുന്നതു കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് യുഡിഎഫ് ഘടകകക്ഷികളുടെ നിലപാട്.
അൻവറിനെ പാർട്ടിയിൽ തിരികെയെത്തിക്കുന്നതും അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒരു സീറ്റിൽ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്.
കോണ്‍ഗ്രസ് വിട്ട അൻവർ എൽഡിഎഫ് സ്വതന്ത്രനായി രണ്ടു തവണ നിലന്പൂരിൽ വിജയിച്ച് എംഎൽഎയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആർ. അജിത്കുമാറുമായി ഇടഞ്ഞ അൻവർ മുഖ്യമന്ത്രിക്കെതിരേ തിരിയുകയായിരുന്നു. അൻവറിന്റെ രാജിയെ തുടർന്നാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്.