ഷൈൻ ടോമിനെതിരേ നടപടിയില്ല; താക്കീതുമായി ഫെഫ്ക
Wednesday, April 23, 2025 2:11 AM IST
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീതുമായി ഫെഫ്ക.
ഒരു അവസരംകൂടി നല്‍കണമെന്ന ഷൈനിന്റെ അഭ്യർഥനപ്രകാരം നിലവില്‍ നടനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നും അതേസമയം ഇതു ഷൈന്‍ നല്കുന്ന അവസാന അവസരമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ബന്ധുക്കള്‍ക്കൊപ്പം ഷൈന്‍ ഇന്നലെ ഫെഫ്ക ഭരവാഹികളെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയുടെ പ്രതികരണം.
താരസംഘടനയായ അമ്മയെ അറിയിച്ചശേഷമാണു ഞങ്ങള്‍ ഷൈനുമായി സംസാരിച്ചത്. ലഹരി ഉപയോഗിക്കുന്നതായി ഷൈന്‍ ഞങ്ങളോടും സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ വിദഗ്ധസഹായം സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുതരത്തിലും ഇത്തരം പെരുമാറ്റങ്ങളുമായി മുന്നോട്ടുപോകുന്നവരുമായി സഹകരിക്കാന്‍ തയാറല്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഷൈന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. കുറ്റവാളികളെപ്പോലെയല്ല ഇത്തരം ശീലങ്ങളില്‍ അകപ്പെട്ടുപോയവരെ കാണേണ്ടത്.
അവര്‍ക്ക് തിരുത്താന്‍ ഒരു അവസരം നല്‍കുക എന്നതാണു മാനുഷികമായ നിലപാട്. എന്നാല്‍ അതിനെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കേണ്ടതില്ല. സംഘടന ആരുടെയും സ്വാധീനത്തിനു വഴങ്ങിയിട്ടില്ല -ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
അമ്മ’യെ അതൃപ്തി അറിയിച്ചു
അമ്മ പ്രതിനിധികളായ സരയു, അന്‍സിബ, വിനു മോഹന്‍ എന്നിവരുമായി സംസാരിച്ചു. ഫോണിലൂടെ മോഹന്‍ലാല്‍, ജയന് ചേര്‍ത്തല എന്നിവരോടും സംസാരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ പ്രവൃത്തിയില്‍ സംഘടനയ്ക്കുള്ള അതൃപ്തി ഇവരെ അറിയിച്ചിട്ടുണ്ട്.
താരങ്ങള്‍ക്കെതിരേ മാത്രമല്ല തങ്ങളുടെ സംഘടനയില്പ്പെട്ടവര്ക്കെതിരേയും ഇത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കര്‍ശനമായ നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമ്പോള്‍ അഭിനേതാക്കളില്‍നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത് ബുദ്ധിമുട്ടാണ്.
വിന് സി. അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടശേഷമാണു ഫെഫ്കയുടെ തീരുമാനം. ലൊക്കേഷനില്‍ എക്സൈസോ പോലീസോ ലഹരി പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ല. മലയാളസിനിമയില്‍ ലഹരി പിടിമുറുക്കിയതായി പ്രചരിക്കുന്നു. അതിന് മാധ്യമങ്ങളെ കുറ്റം പറയുന്നില്ല.
ഞങ്ങള്‍ ലഹരിയുടെ പിടിയില്‍നിന്നും മുക്തരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായി സിനിമാ ലൊക്കേഷനുകളില്‍ ലഹരിവിരുദ്ധ കാമ്പയിന് ആരംഭിക്കും.- ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
സിനിമാ നിര്‍മാണം ഗണ്യമായി കുറഞ്ഞു
കഴിഞ്ഞ ആറു മാസത്തിനിടെ സിനിമാനിര്‍മാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഈ വ്യവസായം പൂര്‍ണമായി നിശ്ചലമായാല്പ്പോലും അദ്ഭുതപ്പെടാനില്ല. ആ രീതിയിലാണു പ്രൊഡക്ഷന്‍ താഴേക്കു പോകുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകള് സിനിമകള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം കൊണ്ടുവന്നിട്ടുണ്ട്. അത് ഏറ്റവുമധികം ബാധിക്കുന്നതും മലയാള സിനിമയെയാണ്. വരുമാനസ്രോതസുകള്‍ കുറയുന്നു, പൊതുസമൂഹത്തിനു മുന്നില്‍ മോശമായ ചിത്രമുണ്ടാകുന്നു. ഇത്തരം പെരുമാറ്റമുള്ളവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു.