ഒരടിക്കു രണ്ടടി കൊടുക്കണം: ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്
Thursday, April 24, 2025 2:40 AM IST
എം. ജയതിലകന്‍
കോഴിക്കോട്: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പാകിസ്ഥാന് ഒരടിക്കു രണ്ടടി കൊടുക്കണമെന്ന് ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്.
പാക് സൈന്യം പരിശീലനം നല്കിയ ഭീകരപ്രവര്‍ത്തകരാണ് ജമ്മു കാഷ്മീരില്‍ ആക്രമണം നടത്തുന്നതെന്ന് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലുമടക്കം പാക്കിസ്ഥാനെതിരായ ഒട്ടേറെ ഓപ്പറേഷനുകളിൽ പങ്കെടുത്ത അദ്ദേഹം ദീപികയോടു പറഞ്ഞു.
1971ലെ യുദ്ധത്തിലെ തോല്‍വിക്കു പകരം ചോദിക്കാന്‍ പാക്കിസ്ഥാന് സൈന്യത്തിനു കഴിയില്ല. അതിനാല്‍ ഇടയ്ക്കിടെ ഇത്തരം ഭീകര ആക്രമണങ്ങളിലൂടെ ഇന്ത്യയുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ജമ്മു കാഷ്മീര്‍ പിടിച്ചെടുക്കുകയെന്നത് പാക്കിസ്ഥാന്റെ ദീര്‍ഘകാല പദ്ധതിയാണ്. പഹല്‍ഗാം ആക്രമണത്തിനു ശക്തമായ തിരിച്ചടി വേണം.
പാക്കിസ്ഥാന് ഭീകരര്‍ ചെയ്തതുപോലെ സാധാരണക്കാരെ കൊന്നൊടുക്കിയാവരുത് തിരിച്ചടി. നമ്മുടെ കരുത്ത് അവര്‍ക്കു കാണിച്ചുകൊടുക്കണം. എല്ലാ ആക്രമണങ്ങള്‍ക്കും തിരിച്ചടിക്കാന്‍ ശേഷിയും കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ള രാജ്യമാണ് ഇന്ത്യ.
നേരത്തേ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ആവശ്യം. ഉന്നതതലത്തിലാണ് ഇത്തരം തീരുമാനങ്ങള്‍ വരേണ്ടത്. അടിക്കു തിരിച്ചടിയില്ലെങ്കില് ആക്രമണം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
സാധാരാണ ജനങ്ങളെയാണു ഭീകരപ്രവര്ത്തകര് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമില്ലാത്ത സാധാരണ പാക് പൗരന്മാരില് ഇന്ത്യക്കെതിരായ വികാരമുണര്‍ത്തി ഭീകരപ്രവര്‍ത്തനത്തിലേക്കു നയിക്കുകയാണ് പാക്കിസ്ഥാന്.
ഇന്ത്യക്കാരെ കൊന്നാല്‍ സ്വര്‍ഗത്തിലേക്കു പോകുമെന്ന് അവരെ വിശ്വസിപ്പിക്കുന്നു. തിരിച്ചടി നല്കാന് പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്- അദ്ദേഹം അഭിപ്രായപ്പെട്ടു.
104 ഇന്‍ഫന്ററി ബ്രിഗേഡിന്റെ കമാൻഡര്‍ ആയിരിക്കേ രണ്ടായിരത്തില്‍ പാക് അതിര്‍ത്തിയിലെ താംഗ്ധറില്‍ പാക്കിസ്ഥാനെതിരായ ആക്്ഷനില്‍ പങ്കെടുക്കവേ അപകടത്തില്‍ പരിക്കേറ്റ് നെഞ്ചിനു താഴെ തളര്‍ന്ന ബ്രിഗേഡിയര്‍ ഗംഗാധരന് കോഴിക്കോട് തൊണ്ടയാട്ടെ ‘പത്മഗംഗ’യില്‍ വിശ്രമജീവിതം നയിക്കുകയാണ്.
കനത്ത മഴയുള്ള ഒരു ദിവസം രാത്രി പന്ത്രണ്ടിനു പത്തു സേനാംഗങ്ങളെ നയിച്ച് ഓപ്പറേഷനു പോകുമ്പോള്‍ പാക് പോസ്റ്റിന് 25 മീറ്റര്‍ അകലെവച്ച് കാല് വഴുതി 200 അടി താഴേക്കു പതിക്കുകയായിരുന്നു. നട്ടെല്ല് തകര്‍ന്നു. 23 മാസത്തെ ആശുപത്രിവാസത്തിനുശേഷമാണ് ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ഇരുപത്തിരണ്ടു വയസുള്ളപ്പോള്‍ 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കാര്‍ഗില്‍ മേഖലയില്‍ ഇദ്ദേഹം നയിച്ച പ്ലാറ്റൂണ്‍ മൂന്ന് പാക്ക് പോസ്റ്റ് പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്റെ ഭൂമിയില്‍ 17 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നുചെന്ന് അവിടെ ഇന്ത്യന്‍ പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. ‘നിരി പോസ്റ്റ്’ എന്നറിയപ്പെടുന്ന ഈ പോസ്റ്റ് സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോഴും ഇന്ത്യയുടെ കൈവശമാണ്.
1989ല്‍ സിയാച്ചിനില്‍ എത്തിയ അദ്ദേഹം സിയാച്ചിന്‍ ഓപ്പറേഷനായ മേഘദൂതില്‍ പങ്കെടുത്തിട്ടുണ്ട്. പഞ്ചാബിലെ തീവ്രാദികള്ക്കെതിരായ ഓപ്പറേഷന് രക്ഷക് ഒന്നിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഷ്മീരിലെ ക്ര്യൂ എന്ന സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ രണ്ടു തവണ പഹല്‍ഗാം സന്ദര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു. മഞ്ഞുവീഴുന്ന പൈന്‍ മരങ്ങളും പ്രകൃതിയുടെ മനോഹാരിതയുമാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.