ഷഹബാസിന്റെ കൊലപാതകം ഗൗരവതരമെന്ന് ഹൈക്കോടതി
Wednesday, April 23, 2025 2:11 AM IST
കൊച്ചി: താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം ഗൗരവതരമെന്ന് ഹൈക്കോടതി.
കേസില്‍ പ്രതികളും സഹപാഠികളുമായ നാല് വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസ് എസ്. മുരളീകൃഷ്ണയുടെ നിരീക്ഷണം. ഹര്‍ജിക്കാര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു കക്ഷി ചേരാന്‍ ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ നല്കിയ ഹര്‍ജി കോടതി അനുവദിച്ചു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതികളായ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടികളായ ഹര്‍ജിക്കാര്‍ ആഴ്ചകളായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, ഹര്‍ജിക്കാര്‍ തടങ്കലിലല്ലെന്നും കോഴിക്കോട് ജുവനൈല്‍ ഹോമിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തീരുമാനം നീട്ടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി സര്‍ക്കാരിന്റെ വിശദീകരണത്തിനായി ഹര്‍ജികള്‍ 25ലേക്കു മാറ്റി.