ഭീകരാക്രമണങ്ങൾ തുടച്ചുനീക്കണം: സീറോമലബാർ സഭ
Thursday, April 24, 2025 2:40 AM IST
കൊച്ചി: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരാക്രമണങ്ങൾ എന്നേക്കുമായി തുടച്ചുനീക്കണമെന്ന് സീറോമലബാർ സഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യസമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്.
ഇവ മനുഷ്യത്വത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ചോദ്യം ചെയ്യുകയും സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷം തകർക്കുകയും ചെയ്യുന്നു. കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.
ഭീകരതയുടെ ലക്ഷ്യം ഭയം വിതയ്ക്കുക മാത്രമല്ല, സമൂഹത്തെ വിഭജിച്ച് അതിന്റെ ഏകത്വം തകർക്കുകകൂടിയാണ്. ഭീകരവാദികൾ പലപ്പോഴും നിരപരാധികളായ ജനങ്ങളെ ലക്ഷ്യമാക്കുകയും അവരുടെ ജീവിതത്തെ തകർക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ മനുഷ്യരാശിയുടെ മുന്നേറ്റത്തിനു തടസം സൃഷ്ടിക്കുന്നു.
ഭീകരതയെ ചെറുക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, ശക്തമായ നിയമങ്ങൾ, ജനങ്ങളുടെ ജാഗ്രത എന്നിവ അനിവാര്യമാണ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തകരെയും തീവ്രവാദികളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊതുസമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും സംഘടനകളും ഒറ്റക്കെട്ടായി പരിശ്രമിക്കണം.
നാടിന്റെ നന്മയെയും ജനങ്ങളുടെ സ്വൈരജീവിതത്തെയും രാജ്യസുരക്ഷയെത്തന്നെയും അപകടത്തിലാക്കുന്ന ഭീകരവാദികളെയും തീവ്രവാദ സംഘടനകളെയും പൂർണമായും തുടച്ചുനീക്കാൻ സംഘടിതമായ പരിശ്രമവും അതിശക്തമായ നടപടികളും ഉണ്ടാകണമെന്നും സീറോമലബാർ സഭ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.