ഹിതപരിശോധന നീട്ടിവയ്ക്കും; വെട്ടിലായി കെഎസ്ആർടിസി
Thursday, April 24, 2025 2:40 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകളെ തീരുമാനിക്കാനായി 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിതപരിശോധന നീട്ടിവയ്ക്കും.
ഹിതപരിശോധനയും വോട്ടവകാശവും കോടതി കയറിയതോടെയാണിത്. 120 ദിവസം ജോലി ചെയ്ത ബദലി, കരാർ ജീവനക്കാർക്ക് ഹിതപരിശോധനയിൽ വോട്ടവകാശം നല്‍കണമെന്ന ഒരു സംഘടനയുടെ താത്പര്യമാണ് ഹിതപരിശോധന നീട്ടിവയ്ക്കാനിടയാക്കിയത്.
120 ദിവസം ജോലി ചെയ്ത ബദലി ജീവനക്കാർക്ക് വോട്ടവകാശം അനുവദിക്കുമ്പോൾ കെഎസ്ആർടിസി കൂടുതൽ കുരുക്കിലാവും. എം പാനൽ ജീവനക്കാരെ നിയമിക്കരുതെന്നും പിഎസ്സി ലിസ്റ്റിലുള്ളവർക്ക് നിയമനം നല്‍കണമെന്നുമുള്ള 2023 -ലെ കോടതി വിധിയുണ്ട്. ഈ വിധി നിലനില്‍ക്കേയാണ് കഴിഞ്ഞ ശബരിമല മണ്ഡലക്കാലത്ത് ജീവനക്കാരുടെ കുറവുണ്ടെന്ന കാരണത്താൽ ദിവസവേതനത്തിന് ബദലി ജീവനക്കാരെ നിയമിച്ചത്. ഇവർ തുടർച്ചയായി ജോലി ചെയ്തുവരികയാണ്.
ഹിതപരിശോധനയ്ക്കായി എല്ലാ തയാറെട്ടപ്പുകളും പൂർത്തിയാക്കി സ്ഥിരം ജീവനക്കാരുടെ വോട്ടർപട്ടികയും കെഎസ് ആർടിസി തയാറാക്കി റിട്ടേണിംഗ് ഓഫീസറായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിലിന് കൈമാറിയിരുന്നു.ഇതിനിടെ ബദലികൾക്കും വോട്ടവകാശം വേണമെന്ന വാദവുമായി ഒരു സംഘടന രംഗത്തെത്തി. അതോടെ ട്രേഡ് യൂണിയൻ അംഗീകാര നിയമത്തിലെ ഒരു വകുപ്പ് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസർ ഹിതപരിശോധന താത്കാലികമായി മാറ്റിവച്ചു.
ഇതിനെതിരേ മറ്റൊരു യൂണിയൻ ഹൈക്കോടതിയെ സമീപിച്ച് സമയബന്ധിതമായി ഹിതപരിശോധന നടത്തണമെന്ന ഉത്തരവ് നേടി. റിട്ടേണിംഗ് ഓഫീസർക്ക് പരാതി നല്കിയ സംഘടന ഈ വിധിയെക്കെതിരേ അപ്പീൽ പോവുകയും അനുകൂല വിധി നേടുകയുമായിരുന്നു.
ഇതോടെ 120 ദിവസം ജോലി ചെയ്തിട്ടുള്ള ബദലി ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി പുതിയ വോട്ടർപട്ടിക തയാറാക്കി തെരഞ്ഞെടുപ്പു നടപടികൾ പുതുതായി ആരംഭിക്കണം. അതിനാൽ ഹിതപരിശോധന 30ന് നടത്താൻ കഴിയാത്ത സാഹചര്യമാണ്. 120 ദിവസം തുടർച്ചയായി ജോലി ചെയ്ത 2800 ലധികം ബദലി ജീവനക്കാരുണ്ടെന്ന് അവരുടെ സംഘടന അവകാശപ്പെടുന്നു. എന്നാൽ 4200 പേരുണ്ടെന്നാണ് പരാതി നല്കിയ യൂണിയൻ പറയുന്നത്.
ബദലി ജീവനക്കാരെക്കൊണ്ട് 120 ലധികം ദിവസം തുടർച്ചയായി ജോലി ചെയ്യിച്ചതിനാൽ ബദലി ജീവനക്കാർക്ക് ഹിതപരിശോധനയിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖ നല്‍കേണ്ടിവരും. ആ തിരിച്ചറിയൽ രേഖ തെളിവായി ചൂണ്ടിക്കാട്ടി, അവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അവർക്ക് അവസരമൊരുക്കിയിരിക്കയാണ് എന്ന് തൊഴിലാളി സംഘടനകൾചൂണ്ടിക്കാട്ടുന്നു.
ബദലികൾക്ക് വോട്ടവകാശം ലഭിക്കുന്നതോടെ കുരുക്കിലാകുന്നത് കെഎസ്ആർടിസിയാണ്. തൊഴിൽ നിയമമനുസരിച്ച് 89 ദിവസത്തിലധികം തുടർച്ചയായി ജോലി ചെയ്യിച്ചാൽ സ്ഥിരം ജീവനക്കാരായി അംഗീകരിക്കേണ്ടിവരും.