ക്രൈസ്തവ ജീവനക്കാരെ അവഹേളിക്കൽ; മരവിപ്പിച്ച സർക്കുലർ വീണ്ടും സജീവമാക്കി വിദ്യാഭ്യാസ വകുപ്പ്
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് നല്കിയ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിവാദ സർക്കുലർ വീണ്ടും പൊടിതട്ടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്.
വിവാദ സർക്കുലർ സംബന്ധിച്ച് മുന്പ് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 21 ന് സർക്കുലർ മരവിപ്പിച്ച് സർക്കാർ പുതിയ സർക്കുലർ ഇറക്കിയിരുന്നു.
എന്നാൽ, രണ്ടു മാസത്തിനു ശേഷം വീണ്ടും മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരിൽ ഇന്നലെ പുതിയ സർക്കുലർ ഇറങ്ങിയിരിക്കയാണ്. സ്കൂളുകളിൽ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ, ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്നാണ് ഇന്നലെ ഇറങ്ങിയ സർക്കുലറിൽ പറയുന്നത്.
സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽമാർക്കാണ് സർക്കുലർ അയച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്.
ഫെബ്രുവരി 13ന് ഇറക്കിയ വിവാദ സർക്കുലർ സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നപ്പോൾ അതിലെ അബദ്ധം മനസിലാക്കി ആദ്യ സർക്കുലർ മരവിപ്പിക്കുകയും പുതിയ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുകയും ചെയ്തതാണ്.
ഫെബ്രുവരി 13 ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നുപോലും അന്വേഷിക്കാതെയായിരുന്നു.