ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറി
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലകിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ 50-ാമതു ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30നു വിരമിക്കുന്ന ഒഴിവിൽ ജയതിലക് ചുമതലയേൽക്കും. നിലവിൽ ധന അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
1991 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിന് അടുത്ത വർഷം ജൂണ്‍ വരെ കാലാവധിയുണ്ട്. 2026 മേയിൽ പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നൊരുക്കം നടത്തേണ്ട ചീഫ് സെക്രട്ടറി കൂടിയാകും ജയതിലക്.
ജയതിലകിനേക്കാൾ സീനിയർ ഉദ്യോഗസ്ഥനായ 1989 ബാച്ചിലെ മനോജ് ജോഷി നിലവിലുണ്ടെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചു മടങ്ങിവരാൻ അദ്ദേഹം താത്പര്യം കാട്ടാതിരുന്ന സാഹചര്യത്തിലാണ് ജയതിലക് ഈ സ്ഥാനത്ത് എത്തുന്നത്.
1991 ബാച്ചിൽ ജയതിലകിനേക്കാൾ സീനിയറായ രാജു നാരായണ സ്വാമി നിലവിലുണ്ടെങ്കിലും സസ്പെൻഷൻ അടക്കം അച്ചടക്ക നടപടി നേരിട്ട സ്വാമിക്ക് ചീഫ് സെക്രട്ടറി ഗ്രേഡ് നൽകിയിട്ടില്ല. ചീഫ് സെക്രട്ടറി ഗ്രേഡിനായി സ്വാമി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല.
തിരുവനന്തപുരം പട്ടം സ്വദേശിയായ ജയതിലക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1990 ൽ എംബിബിഎസ് ബിരുദമെടുത്തു.