ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി തട്ടിപ്പ് ; പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ ഗതാഗത വകുപ്പ്
Thursday, April 24, 2025 2:40 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന സംഘങ്ങൾ കേരളത്തിലും സജീവം. വാഹനത്തിന്റെ ഡാറ്റാ ബേസിൽനിന്ന് മൊബൈൽ നമ്പർ മാറ്റി വേറെ മൊബൈൽ നമ്പർ ചേർക്കുകയും ഒടിപി എടുത്ത് ഉടമ അറിയാതെ വേറെ ആളുടെ പേരിലേക്ക് വാഹനം ട്രാൻസ്ഫർ ചെയ്യുന്നതുമായ തട്ടിപ്പാണ് വ്യാപകമായിരിക്കുന്നത്.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും എറണാകുളത്ത് മൂവാറ്റുപുഴയിലും മലപ്പുറം ജില്ലയിലും ഇത്തരത്തിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2000 രൂപ കൊടുത്താൽ വാഹൻ ഡാറ്റാ ബേസിൽ നമ്മൾ കൊടുക്കുന്ന മൊബൈൽ നമ്പർ ഇടനിലക്കാർ ചേർത്തുതരും.
കഴിഞ്ഞ ദിവസം പാലായിൽ നടന്ന സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയിട്ടും അന്വേഷണം പോലും നടത്തിയിട്ടില്ല. പാലായിൽ രജിസ്ട്രേഷനുള്ള ഒരു ബസ് ഒരാൾ വിറ്റു. തൃപ്പൂണിത്തുറയിലുള്ളയാളാണു ബസ് വാങ്ങിയത്. തുകയിൽ തർക്കം വന്നപ്പോൾ വിറ്റയാൾ ഫോണിൽ വന്ന ഒടിപി കൊടുത്തില്ല. വാങ്ങിയ ആൾക്ക് ഒരു ഇടനിലക്കാരൻ വാഹൻ ഡാറ്റാ ബേസിൽ മൊബൈൽ നമ്പർ മാറ്റിക്കൊടുത്തു.
ആ നമ്പറിൽ വന്ന ഒടിപി ഉപയോഗിച്ച് ബസിന്റെ ഉടമസ്ഥത മാറ്റാനുള്ള അപേക്ഷ തയാറാക്കി. വിവരം അറിഞ്ഞ ഉടമസ്ഥൻ ഇക്കാര്യം തൃപ്പൂണിത്തുറ ആർടി ഓഫീസിൽ അറിയിച്ചു.
അപേക്ഷ ബ്ലോക്ക് ചെയ്യുകയും വിവരം ട്രാൻസ്പോർട് കമ്മീഷണറെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ഗതാഗതവകുപ്പ് തയാറായിട്ടില്ല. ഇത്തരത്തിൽ വ്യാപക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ, മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്താണോ തട്ടിപ്പുകൾ നടത്തുന്നതെന്ന പരിശോധനയിലാണ് വകുപ്പ് അധികൃതർ.
നിയമങ്ങൾ പാലിക്കാതെ ഫിനാൻസ് കന്പനികളും
ഇഎംഐ മുടങ്ങിയാൽ ഫിനാൻസ് കന്പനിക്കാർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഫിനാൻസ് കമ്പനിയുടെ പേരിലേക്കു പുതിയ ആർസി എടുത്തിട്ട് ലേലം ചെയ്തു വിൽക്കണമെന്നാണു നിയമം.
എന്നാൽ, ചില ഫിനാൻസുകാർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നേരിട്ട് മറ്റ് ആളുകൾക്ക് വിൽക്കുകയും ഇടനിലക്കാരുമായി ബന്ധപ്പെട്ട് വാഹൻ സോഫ്റ്റ്വേറിൽ ഫോൺ നമ്പർ മാറ്റി പുതിയ ആർസി പ്രിന്റ് എടുത്ത് ഉടമ അറിയാതെ വാഹനം മറ്റൊരാൾക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്.