ഉള്ളുലച്ച ആ ചിത്രം കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥന്റേത്
Thursday, April 24, 2025 2:40 AM IST
കൊച്ചി: മധുവിധു ആഘോഷിക്കാൻ പഹല്‍ഗാമിലെ താഴ്വരയിലെത്തിയ നവദമ്പതികള്‍ ഇന്ന് രാജ്യത്തിന്റെ നൊമ്പരമാണ്. കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് യുവതി വിറങ്ങലിച്ച് ഇരിക്കുന്ന ചിത്രം മനുഷ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുമ്പോള്‍ ഇവര്‍ ആരാണെന്നായിരുന്നു ചൊവ്വാഴ്ച രാത്രിമുതൽ രാജ്യമൊന്നാകെ തെരഞ്ഞത്.
ആ തെരച്ചിൽ ചെന്നെത്തിയത് കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ലഫ്. വിനയ് നര്വാളിലും (26). വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കരഞ്ഞുതളര്‍ന്നിരിക്കുന്ന ഭാര്യ ഹിമാന്‍ഷി(24)യുടെ ചിത്രമാണ് രാജ്യത്തിന്റെ ഉള്ളുലയ്ക്കുന്നത്.
ഈ മാസം 16-നായിരുന്നു ഇവരുടെ വിവാഹം. 19-ന് വിവാഹ സല്‍ക്കാരവും. വിവാഹത്തോടനുബന്ധിച്ച് വിനയ് അവധിയിലായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് കഴിഞ്ഞദിവസം ഇരുവരും കാഷ്മീരിലെത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാന്‍ഷിയെ തനിച്ചാക്കി. ഹിമാന്‍ഷിയുടെ കണ്മുന്നിലാണ് ഭീകരര്‍ വിനയിനെ കൊലപ്പെടുത്തിയത്.
ലഫ്. വിനയ് നര്‍വാളിന്റെ അകാല വിയോഗം സേനാംഗങ്ങളെ സങ്കടത്തിലാഴ്ത്തിയെന്ന് നാവിക മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ആക്രമണത്തില്‍ ജീവന് പൊലിഞ്ഞ എല്ലാവര്ക്കും ഐക്യദാര്‍ഢ്യം നേവി പ്രഖ്യാപിക്കുകയാണ്.
ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലേക്കു വീസ ലഭിച്ചില്ല; കാഷ്മീർ യാത്ര അവസാന യാത്രയായി
യൂറോപ്പിലേക്ക് ഹണിമൂൺ യാത്ര പോകാനായിരുന്നു ദന്പതികൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, വീസ ലഭിക്കാൻ കാലതാമസമുണ്ടായതോടെ യാത്ര റദ്ദാക്കുകയും കാഷ്മീർ തെരഞ്ഞെടുക്കുകയുമായിരുന്നു. കഴിഞ്ഞ 21നാണ് ഇരുവരും കാഷ്മീരിലെത്തിയത്.
തൊട്ടടുത്ത ദിവസം പഹൽഗാമിലെ ഹോട്ടലിൽ മുറിയെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ഡിന്നറിനുശേഷം താഴ്വരയിലെത്തിയപ്പോഴാണ് ഭീകരാക്രമണമുണ്ടാകുന്നത്. താൻ ഭർത്താവിനൊപ്പം ഭെൽ പുരി കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ ഭർത്താവിന്റെ അടുത്തെത്തി മുസ്ലിമാണോയെന്നു ചോദിക്കുകയും അല്ലെന്നു പറഞ്ഞതോടെ വെടിവയ്ക്കുകയുമായിരുന്നുവെന്ന് സംഭവസ്ഥലത്തുനിന്ന് ഹിമാൻഷി പറയുന്നതായുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്.
കർണാലിലെ സെക്ടർ 7-ലാണ് വിനയ് നർവാളിന്റെ കുടുംബം താമസിക്കുന്നത്. എൻജിനിയറിംഗ് ബിരുദധാരിയായ വിനയ് മൂന്നു വർഷം മുന്‍പാണ് നേവിയിൽ ചേർന്നത്.
ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. അച്ഛൻ രാജേഷ്കുമാർ പാനിപ്പത്തിൽ കസ്റ്റംസ് സൂപ്രണ്ടാണ്. വീട്ടമ്മയായ ആശാദേവിയാണ് അമ്മ. സഹോദരി സൃഷ്ടി ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനം നടത്തുകയാണ്.