ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്ലാറ്റുടമകൾക്ക് ഭൂനികുതി അടയ്ക്കാം
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ലഭിച്ച ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഭൂമിയുടെ കരം ഇനി വ്യക്തിഗതമായി അടയ്ക്കാം. ഇത്തരം ഉടമകൾക്ക് ഓരോ സബ് തണ്ടപ്പേരും അവിഭക്താവകാശം രേഖപ്പെടുത്തിയ പ്രത്യേക കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാനും നിർദേശിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി.
സുനാമി പുനരധിവാസ ഫ്ലാറ്റുകളിലെ താമസക്കാർക്കും ഭൂനികുതി അടയ്ക്കാൻ സംവിധാനം ഒരുക്കും. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലെങ്കിൽ ഭൂവുടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരുന്നതിനുമുള്ള മാർഗനിർദേശം റവന്യു വകുപ്പ് പുറത്തിറക്കി.
ഫ്ലാറ്റ് ഉടമകൾക്ക് വ്യക്തിഗതമായി ഭൂനികുതി ഒടുക്കുന്നതിന് കാലങ്ങളായി നേരിട്ടിരുന്ന തടസങ്ങൾക്കാണ് ഇതോടെ പരിഹാരമാവുന്നത്. നിലവിൽ ഫ്ലാറ്റ് ഉടമകളിൽനിന്നു ഭൂനികുതി സ്വീകരിക്കുന്നതിനും രസീത് നൽകുന്നതിനും ഉദ്യോഗസ്ഥർ പല രീതികളാണ് സ്വീകരിക്കുന്നത്. ഫ്ലാറ്റ് നിൽക്കുന്ന സ്ഥലം വ്യക്തിഗതമായി ഭാഗിക്കാതെ കൈമാറുന്നതിനാൽ കൂട്ടവകാശമായി മാത്രമേ നികുതി ഒടുക്കാനാവൂ എന്നാണ് നിലവിലെ ചട്ടം.
ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറുന്ന കേസുകളിൽ ഭൂമിക്കു പ്രത്യേക പോക്കുവരവും തണ്ടപ്പേരും അനുവദിക്കും. ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് വില്ലേജ് അധികൃതർ ആധാരം പരിശോധിച്ച് ഉറപ്പാക്കണം.
ഫ്ലാറ്റ് ഉടമയുടെ- സ്ഥാപനത്തിന്റ നിലവിലുള്ള തണ്ടപ്പേരിന്റെ സബ് നന്പരായാണ് പുതിയ തണ്ടപ്പേര് നല്കുക. പുതിയ തണ്ടപ്പേരുകൾ അനുവദിക്കുന്നതിന് അനുസരിച്ച് മാതൃ തണ്ടപ്പേരിൽനിന്ന് ഭൂമിയുടെ ആനുപാതിക വിസ്തീർണം കുറച്ചുകൊണ്ടിരിക്കും.
ഭൂമി വിഭജിച്ചു നൽകിയിട്ടില്ലെങ്കിലും എല്ലാ ഫ്ലാറ്റ് ഉടമകൾക്കും നികുതി അടയ്ക്കാൻ സൗകര്യമുണ്ടാകും. നികുതി രസീതിൽ ‘അണ് ഡിവൈഡഡ് ഷെയർ (യുഡി)’ എന്ന് രേഖപ്പെടുത്തിയാകും വിഭജിച്ച് നല്കിയിട്ടില്ലാത്ത ഭൂമിയുടെ നികുതി സ്വീകരിക്കുക.
ആകെ ഭൂവിസ്തൃതിയെ ഫ്ലാറ്റ് ഉടമകളുടെ എണ്ണംകൊണ്ടു ഹരിച്ചാൽ കിട്ടുന്ന ഭൂവിസ്തൃതിക്കു ബാധകമായ നികുതിയോ, മിനിമം തുകയായി ഒരു ആറിനുള്ള നികുതിയോ, ഏതാണോ കൂടുതൽ അത് ഈടാക്കാമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.