തുടര്‍ച്ചയായ വേനല്‍മഴ: 130 ഏക്കറിലെ നെല്ല് ഉപേക്ഷിച്ച് കര്‍ഷകര്‍
Thursday, April 24, 2025 2:40 AM IST
ചങ്ങനാശേരി: വേനല്‍മഴ കനത്തതോടെ പാടശേഖരത്ത് യന്ത്രം ഇറങ്ങാനാവാതെ കൊയ്ത്ത് തടസപ്പെട്ടു. കിളിർത്തതിനെ തുടര്‍ന്ന് കുറിച്ചി അഞ്ചലശേരി പാടശേഖരത്തെ 130 ഏക്കറിലെ നെല്ല് കര്‍ഷകര്‍ ഉപേക്ഷിച്ചു.
ഇരുനൂറേക്കറോളംവരുന്ന പാടശേഖരത്ത് മാര്‍ച്ച് 17ന് കൊയ്ത്ത് ആരംഭിച്ചെങ്കിലും തുടര്‍ച്ചയായി മഴ പെയ്തതോടെ യന്ത്രമിറങ്ങാനാകാതെ കൊയ്ത്ത് തടസപ്പെടുകയായിരുന്നു. എഴുപതോളം ഏക്കറിലെ നെല്ല് മാത്രമാണ് കൊയ്ത് എടുക്കാനും മില്ലുകാര്‍ക്ക് കൈമാറാനും കഴിഞ്ഞത്. മില്ലുകാര്‍ക്ക് നല്കിയ നെല്ലിന്റെ പിആര്‍എസ് ഇതുവരെ എഴുതി കിട്ടിയതുമില്ല.
യന്ത്രം ഇറങ്ങാന്‍ പറ്റാതെ വന്നതോടെ കൊയ്ത്തു നടന്നില്ലെന്നു മാത്രമല്ല, പാടത്തേക്കു ചാഞ്ഞുവീണ നെല്ല് കിളിര്‍ക്കുകയും ചെയ്തു. ഇതുമൂലം 120 കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. അറുപത് ലക്ഷത്തോളം രൂപയുടെ നഷ്ടംസംഭവിച്ചതായാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി കര്‍ഷകര്‍ കുറിച്ചി കൃഷി ഓഫീസ് അധികൃതരെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. ഇവിടുത്തെ കര്‍ഷകരുടെ വിഷയത്തില്‍ കൃഷിവകുപ്പും സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.