ഭീകരാക്രമണം മതസൗഹാർദത്തിനും രാജ്യസുരക്ഷയ്ക്കും വെല്ലുവിളി: കെസിബിസി
Thursday, April 24, 2025 2:40 AM IST
കൊച്ചി: ജമ്മു കാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ സംഭവിച്ച നിഷ്ഠുരമായ ഭീകരാക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെസിബിസി.
വിനോദസഞ്ചാരികളായി പലയിടത്തുനിന്നും എത്തിച്ചേർന്നവർക്കിടയിൽനിന്നു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഇരകളെ തെരഞ്ഞെടുത്ത് കൊലപ്പെടുത്തിയ അക്രമികൾ രാജ്യവും ആഗോളസമൂഹവും കാത്തുസൂക്ഷിക്കുന്ന മതേതര മൂല്യങ്ങൾക്കെതിരായ പൈശാചികമായ നീക്കമാണു നടത്തിയത്.
രാജ്യത്തിനകത്തും പുറത്തും മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ നീക്കങ്ങൾക്കെതിരേയും അപരരെ കൊന്നൊടുക്കാൻ പദ്ധതികൾ മെനയുന്നവർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കാനും അതീവ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ തയാറാകണം.
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കേരള കത്തോലിക്കാസഭയുടെ ഐക്യദാർഢ്യവും അനുശോചനവും അറിയിക്കുന്നതോടൊപ്പം, ലോകമെമ്പാടും ഇത്തരത്തിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭീഷണികൾ നേരിടുകയും ചെയ്യുന്ന അനേകായിരങ്ങളുടെ ദുരവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ ചൂണ്ടിക്കാട്ടി.