അനധികൃത ഈട്ടിമുറി; സുപ്രധാന വിവരങ്ങൾ വനം ഓഫീസിലെ ഫയലിൽ ഇല്ല
Thursday, April 24, 2025 2:40 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: അനധികൃത ഈട്ടിമുറിക്കലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ വനം ഓഫീസിലെ ഫയലിൽ ഇല്ല. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഒആർ 30/2007 നമ്പർ കേസുമായി ബന്ധപ്പെട്ട ഫയലിലാണ് അനധികൃത മരംമുറിക്കൽ മൂലം സർക്കാരിനുണ്ടായ നഷ്ടം, തിട്ടപ്പെടുത്തിയ നഷ്ടം കക്ഷിയിൽനിന്നു ഈടാക്കാനായോ തുടങ്ങിയ വിവരങ്ങളുടെ അഭാവം.
മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യു വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്ക് സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിൽനിന്നു നൽകിയ മറുപടിയാണ് കേസ് ഫയലിൽ പ്രധാന വിവരങ്ങൾ ഇല്ലെന്നു വ്യക്തമാക്കുന്നത്.
ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉതകുന്ന റിപ്പോർട്ടുകൾ ബന്ധപ്പെട്ട ഫയലിൽ ലഭ്യമല്ലെന്നാണ് ഡിഎഫ്ഒ ഓഫീസിൽനിന്ന് അഡ്വ. ജോസഫ് മാത്യുവിനെ അറിയിച്ചത്.
അനധികൃതമായി മുറിച്ചതിനെത്തുടർന്ന് ഡിഎഫ്ഒ ഈട്ടിത്തടികൾ കണ്ടുകെട്ടിയിരുന്നു. ഈ തടികൾ വിട്ടുകിട്ടുന്നതിന് സിഎംഎ 10/2014 നമ്പറായി കക്ഷി ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നിലനിൽക്കേ തടികൾ ഒന്നര ലക്ഷം രൂപയുടെ ബോണ്ടിൽ കക്ഷിയുടെ താത്കാലിക കസ്റ്റഡിയിൽ കോടതി വിട്ടുകൊടുത്തു.
വിശദമായ വാദം കേട്ടശേഷം കോടതി അപ്പീൽ തള്ളിയെങ്കിലും തടികൾ കസ്റ്റഡിയിലെടുക്കാൻ വനം അധികൃതർ തയാറായില്ല. ഇതിനു കാരണം ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരിക്കേ 2022 മെയിൽ അഡ്വ. ജോസഫ് മാത്യു മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസറോട് ആരാഞ്ഞിരുന്നു.
തടികൾ നിലവിൽ ഇല്ലെന്നാണ് റേഞ്ച് ഓഫീസർ അറിയിച്ചത്. ഇതേത്തുടർന്ന് ബോണ്ട് തുക കെട്ടിവയ്ക്കുന്നതിന് കക്ഷിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഓഫീസർക്ക് ഗവ. പ്ലീഡർ നിർദേശം നൽകി.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ബോണ്ട് സംഖ്യ വസൂലാക്കുന്നതിന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അഡ്വ.ജോസഫ് മാത്യു വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ മാർച്ച് 20ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയത്.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഒആർ 30/2007 നന്പർ കേസിൽ ഉൾപ്പെട്ട തടികൾ കക്ഷി ഉരുപ്പടികളാക്കി ഉപയോഗിച്ചെന്നാണ് മനസിലാക്കുന്നതെന്ന് അഡ്വ. ജോസഫ് മാത്യു പറഞ്ഞു.
മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യു ഭൂമികളിൽ നടന്ന അനധികൃത ഈട്ടിമുറിക്കലുമായി ബന്ധപ്പെട്ടും വനം അധികാരികളുടെ ഭാഗത്ത് വീഴ്ചകൾ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത 01/2021 നമ്പർ കേസിൽ എറണാകുളത്തുനിന്നു കസ്റ്റഡിയിലെടുത്ത് സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിൽ എത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ ഇതുവരെയും കണ്ടുകെട്ടൽ നടപടിക്ക് വിധേയമാക്കിയില്ല.
മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽനിന്നു മുറിച്ചതിനെത്തുടർന്ന് 2021 ജൂണിൽ കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയ ഈട്ടിത്തടികളുടെ സംരക്ഷണത്തിന് കോടതി ഉത്തരവ് ഉണ്ടായിട്ടും വനം അധികൃതർ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് അഡ്വ. ജോസഫ് മാത്യു കുറ്റപ്പെടുത്തി.