കെട്ടിടങ്ങൾക്കു മുകളിലെ ഓപ്പൺ ട്രസ് വര്‍ക്കിന് നികുതി വേണ്ട: കോടതി
Thursday, April 24, 2025 2:40 AM IST
കൊച്ചി: വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുകളില്‍ പണിയുന്ന തുറന്ന ട്രസ് വര്‍ക്കുകള്‍ക്ക് കെട്ടിടനികുതി ബാധകമാകില്ലെന്ന് ഹൈക്കോടതി.
അതേസമയം ട്രസ് വര്‍ക്കുകളുടെ ചുറ്റും അടച്ചുകെട്ടിയ നിലയിലാണെങ്കില്‍ നികുതി ഈടാക്കാവുന്നതാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
കെട്ടിടങ്ങളെ കാലാവസ്ഥയില്‍നിന്നു സംരക്ഷിക്കാനുള്ള താത്കാലിക മേല്ക്കൂരകളെ പ്ലിന്ത് ഏരിയയുടെ ഭാഗമായി കണക്കാക്കാനാകില്ല. ട്രസ് വർക്കുകള്‍ സ്ഥാപിച്ച ഇടം ഭാവിയില്‍ താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാല്‍ അതിന് നികുതി ഈടാക്കുന്നതിനും തടസമില്ല.
വാണിജ്യസ്ഥാപനത്തിനു മുകളില്‍ ട്രസ് ഇട്ടതിന്റെ പേരില്‍ അധികൃതര്‍ 2,80,800 രൂപ അധിക നികുതി കണക്കാക്കിയതിനെതിരേ ചേര്‍ത്തല സ്വദേശികള്‍ നല്കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.
പാരപ്പറ്റ് ഉള്ള ഭാഗം ഭാഗികമായി അടച്ചുകെട്ടിയ നിലയിലാണെന്നും ട്രസ് ഇട്ടിടത്തു ഹര്‍ജിക്കാര്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. സാധനങ്ങള്‍ സൂക്ഷിച്ചതിനെ വിനിയോഗമായി കാണാനാകില്ലെന്നും പാരപ്പറ്റ് കെട്ടിടസുരക്ഷയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രസ് ഇട്ട ഭാഗം താമസത്തിനോ വ്യാപാരത്തിനോ ഉപയോഗിക്കുന്ന പക്ഷം നികുതി ബാധകമാകുമെന്നും കോടതി പറഞ്ഞു.