ഫെലോഷിപ്പ് മുടങ്ങുന്നു; വലഞ്ഞ് ഗവേഷക വിദ്യാര്‍ഥികള്‍
Wednesday, April 23, 2025 2:10 AM IST
കോട്ടയം: ഫെലോഷിപ്പ് മുടങ്ങിയതിനെ തുടർന്ന് വലഞ്ഞ് എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥികള്‍. ഓരോ വര്‍ഷവും അഭിരുചി പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി കണ്ടെത്തുന്ന മികച്ച 100 പേര്‍ക്കാണ് മാസം 25,000 രൂപ വീതം മൂന്നുവര്‍ഷത്തേക്ക് ഫെലോഷിപ്പ് വാഗ്ദാനം ചെയ്തിരുന്നത്.
ഈ തുക കൂടാതെ 10,000 രൂപ കണ്ടിൻജൻസി ഫണ്ടായും യൂണിവേഴ്സിറ്റി അനുവദിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഒരിക്കല്‍പോലും യഥാസമയം ഈ തുക കൈമാറാന്‍ യൂണിവേഴ്സിറ്റിക്ക് സാധിച്ചിട്ടില്ലെന്നാണ് ഗവേഷക വിദ്യാർഥികൾ പറയുന്നത്. നിലവില്‍ മൂന്നുമാസം മുതല്‍ 12 മാസം വരെയുള്ള തുക കുടിശികയാണ്. അതേസമയം ഓരോ വര്‍ഷവും 40,000 ത്തോളം രൂപ സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥികളില്‍നിന്നു ഫീസിനത്തില്‍ ഈടാക്കുന്നുമുണ്ട്.
ഫെലോഷിപ്പ് തുക സമയബന്ധിതമായി ലഭിച്ചില്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാതെ വരും. കുടിശിക മൂലം ഗവേഷണം പാതി വഴി ഉപേക്ഷിച്ച് മറ്റു ജോലി തേടുകയാണ് ഇപ്പോൾ വിദ്യാർഥികളിലേറെയും.
ഈ അവസ്ഥ ഭയന്ന് പുതിയ ബാച്ച് ഗവേഷക വിദ്യാര്‍ഥികള്‍ അഡ്മിഷന് എടുത്തിട്ടുമില്ല. ഫെലോഷിപ്പ് വൈകുന്നതിന്റെ കാരണം പോലും വ്യക്തമാക്കാൻ യൂണിവേഴ്സിറ്റി തയാറുകുന്നില്ലെന്നും ഗവേഷക വിദ്യാർഥികൾ പറയുന്നു.