തടവറയിലുള്ളവരെ ചേര്‍ത്തുപിടിക്കണം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍
Thursday, April 24, 2025 2:40 AM IST
കോഴിക്കോട്: തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച ക്രിസ്തുചിന്തകള് അതിനായി നമ്മെ നയിക്കുമെന്നും സിബിസിഐ പ്രിസണ്‍ മിനിസ്ട്രി ചെയര്മാന് ബിഷപ്മാര് ജോസ് പുളിക്കല്‍.
ജീസസ് ഫ്രട്ടേണിറ്റിയുടെ വാര്‍ഷിക, സംസ്ഥാന സമ്മേളന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.
കുറ്റകൃത്യങ്ങളില്‍ ഒരാള്‍ എത്തിപ്പെടുന്നുണ്ടെങ്കില്‍ അത്തരമൊരു സാഹചര്യമൊരുക്കുന്നതില്‍ സമൂഹത്തിനും പങ്കുണ്ടോയെന്ന് ചിന്തിക്കണം. ജീസസ് ഫ്രട്ടേണിറ്റിയെന്നത് ഒരു സംഘടനയല്ല, അത് ഒരു മുന്നേറ്റമാണ്. നിരവധി പേരെ പുനരധിവസിപ്പിക്കാന്‍ ജീസസ് ഫ്രട്ടേണിറ്റിയിലൂടെ കഴിഞ്ഞുവെന്നത് വലിയ കാര്യമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജി ബി. സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുറമ്പോക്കായാണ് ജയിലുകളെ പലരും പരിഗണിക്കുന്നതെന്നും ജയിലിലെ അന്തേവാസികളുടെ ദുഃഖത്തില്‍ പങ്കുചേരാനും ആശ്വാസം പകരാനും ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ മഹത്തരമാണെന്നും അദേഹം പറഞ്ഞു.
ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. മാര്ട്ടിന് തട്ടില്‍, കോഴിക്കോട് സോണ്‍ ഡയറക്ടര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഫാ. ജോര്‍ജ് കാളാശേരി വിസി, കോട്ടയം സോണ്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുന്നിലം, തിരുവനന്തപുരം സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. മാര്ട്ടിന് തട്ടില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. ഷിന്റോ തൃശൂര്‍, മണ്‍വിള സ്നേഹാശ്രമത്തിലെ സിസ്റ്റര്‍ ജൂലിയ എംപിവി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
കോഴിക്കോട് അതിരൂപതാ ആര്‍ച്ച്ബിഷപ് റവ.ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണു കോഴിക്കോട് സോണ്‍ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ത്രിദിന സമ്മേളനം നാളെ സമാപിക്കും.