ഭീകരാക്രമണം ഹൃദയഭേദകം: ശ്രേഷ്ഠ കാതോലിക്കാബാവ
Thursday, April 24, 2025 2:40 AM IST
കൊച്ചി: ജമ്മുകാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഹൃദയഭേദകവും അങ്ങേയറ്റം അപലപനീയവുമാണെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
രാജ്യം ഒരുമിച്ചു നിന്ന് ഇത്തരം വെല്ലുവിളികളെ നേരിടണം. രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും സമാധാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം അക്രമസംഭവങ്ങളെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാകില്ല.
നിരപരാധികളായ മനുഷ്യരെ കുരുതികൊടുത്ത് നടത്തുന്ന ഇത്തരം അക്രമങ്ങൾ മനുഷ്യത്വത്തിനുതന്നെ തീരാക്കളങ്കമാണ്. രാജ്യത്തിന്റെ സുരക്ഷ പരമപ്രധാനമായി കണ്ട് കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുക്കേണ്ട സമയമാണിത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരേ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണിതെന്നും ശ്രേഷ്ഠ കാതോലിക്കാബാവ പറഞ്ഞു.