വിദേശ ജോലി തട്ടിപ്പ്; തിരുവല്ല സ്വദേശി മുംബൈയില്‍ പിടിയിൽ
Wednesday, April 23, 2025 2:11 AM IST
കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മുംബൈയില്‍നിന്ന് കണ്ണമാലി പോലീസ് പിടികൂടി. തിരുവല്ല കാരക്കല്‍ സ്വദേശി റോബിന് സക്കറിയ (40) യാണു അറസ്റ്റിലായത്.
പുത്തന്‍തോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്തു പലരില്‍നിന്നായി പ്രതി 90 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുവൈറ്റില്‍ റിഗ്ഗില്‍ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് പരാതിക്കാരനില്‍നിന്നു പ്രതി 4,95,000 രൂപ വാങ്ങി. തുടര്‍ന്ന് കുവൈറ്റിലേക്കു പോകാന്‍ തയാറായി മുംബൈയിലേക്ക് എത്താന്‍ ആവശ്യപ്പെട്ട പ്രതി പരാതിക്കാരന് മുംബൈയിലെത്തിയപ്പോള്‍ മുങ്ങുകയായിരുന്നു.
രണ്ടു മാസത്തോളം മുംബൈയില്‍ താമസിച്ചശേഷവും പ്രതിയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ നാട്ടിലേക്കു മടങ്ങിയ പരാതിക്കാരന് പോലീസിനെ സമീപിച്ചു.
തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ സാക്കിനക്ക മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇവിടെ ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്ന പ്രതിയെ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
കണ്ണമാലി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഫ്രാന്‍സിസ്, എസ്സിപിഒ അരുണ്‍ജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്.