ചീഫ് സെക്രട്ടറിയെ ഇന്നറിയാം; ജയതിലകിനു സാധ്യത
Wednesday, April 23, 2025 2:11 AM IST
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും. നിലവിൽ സംസ്ഥാന സർവീസിലുള്ള മുതിർന്ന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത.
കേരള കേഡർ ഐഎഎസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്നു മടങ്ങിയെത്താൻ ഇതുവരെ സമ്മതം അറിയിക്കാത്ത സാഹചര്യത്തിലാണ് ജയതിലകിനു സാധ്യതയേറുന്നത്.
നിലവിലെ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഈ മാസം 30നു സർവീസിൽനിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ചേരിപ്പോരും രൂക്ഷമാണ്.
ചില ഐഎഎസുകാർ ജയതിലകിനെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെയാണ് സർക്കാർ നീക്കം.