മറക്കാനാകില്ല ആ മുത്തങ്ങൾ...
Thursday, April 24, 2025 2:40 AM IST
സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട: ഫ്രാൻസിസ് മാർപാപ്പ മൂന്നുമക്കളെയും എടുത്ത് ഉമ്മവച്ച് അനുഗ്രഹിച്ചതിന്റെ വിശുദ്ധസ്മരണയിലാണ് ഇരിങ്ങാലക്കുട അവിട്ടത്തൂരിലെ ദന്പതികൾ. പോഴോത്തുപറന്പിൽ പരേതനായ വർഗീസിന്റെയും മേരിയുടെയും മകൻ രാജുവിന്റെ മൂന്നു മക്കൾക്കാണ് മാർപാപ്പയുടെ മുത്തവും അനുഗ്രഹവും ലഭിച്ചത്.
കഴിഞ്ഞ15 വർഷമായി വത്തിക്കാൻ സിറ്റിയിലെ ഒരു റസ്റ്ററന്റിൽ ഷെഫ് ആയി ജോലിചെയ്യുന്ന രാജു കുടുംബസമേതം റോമിലായിരുന്നു താമസം. ഈ അപൂർവഭാഗ്യം എങ്ങനെയാണു തങ്ങൾക്കു കൈവന്നതെന്നു രാജുവിന്റെ ഭാര്യ നിമി പറയും:
“ബുധനാഴ്ചകളിലെ പേപ്പൽ ഓഡിയൻസിനു ഞങ്ങൾ നിരവധിതവണ പോയിട്ടുണ്ട്. മൂത്തമകൾ ഉണ്ടായശേഷം ഞങ്ങൾ കുഞ്ഞിനെയും കൊണ്ടുപോയി. പാപ്പാ കുഞ്ഞിനെയെടുത്ത് ഉമ്മ വച്ചെങ്കിൽ എന്ന് ആശിച്ചു. ആദ്യ രണ്ടുതവണയും നടന്നില്ല. മൂന്നാംതവണയാണതു നടന്നത്.
ഫ്രാൻസിസ് പാപ്പാ തന്റെ മൊബീലിൽ വന്നപ്പോൾ ഗാർഡുകൾ ഫ്ലാവിയയെ എടുത്തുകൊണ്ടുപോയി. പാപ്പാ കുഞ്ഞിനു മുത്തംനൽകി, തലയിൽ കൈവച്ച് അനുഗ്രഹിച്ചു. 2016ലായിരുന്നു അത്.
രണ്ടാമത്തെ മകൻ ഫാബിയോ 2019ൽ ജനിച്ചശേഷം അവനെയുംകൊണ്ട് ഞങ്ങൾ പോയി. അപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ അവനെ എടുത്തുകൊണ്ടുപോയി. കുഞ്ഞിനെ പാപ്പാ മൊബീലിലേക്കു നീട്ടിയപ്പോൾ മാർപാപ്പ കുഞ്ഞിനെ കൈകളിലെടുത്ത് അവന്റെ നെറ്റിയിലും ശിരസിലും ഉമ്മവച്ച് അനുഗ്രഹിച്ചു.
മൂന്നാമത്തവൾ ഫിയയുടെ കാര്യത്തിലാണ് ഞങ്ങൾക്കുകൂടി ആ ഭാഗ്യം ലഭിച്ചത്, 2021ൽ. റോമിലെ കൊർണേലിയയിലാണ് ഞങ്ങൾ താമസിക്കുന്നത്.
അവിടെനിന്ന് 4.2 കിലോമീറ്റർ മാത്രമാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ ഞങ്ങൾ നടന്നാണ് അവിടെ എത്തിയത്. ആളുകൾ കുറവായിരുന്നു. പതിവിൽനിന്ന് വിഭിന്നമായി അന്നു പാപ്പാ നടന്നാണ് ഓഡിയൻസിനെത്തിയത്.
അരികിലെത്തിയപ്പോൾ രാജു കുഞ്ഞിനെ നീട്ടി. അവളെ പാപ്പാ ഉമ്മവച്ചു. ഞങ്ങളോട് അവളുടെ പേരുചോദിച്ചു. ജോലി, താമസം ഉൾപ്പടെയുള്ള വിശേഷങ്ങൾ ആരാഞ്ഞു. ഞങ്ങളെയും പാപ്പാ അനുഗ്രഹിച്ചു. അതൊരു വല്ലാത്ത അനുഭൂതിയുടെ നിമിഷമായിരുന്നു.