കണ്ണൂർ സ്വദേശിയായ വ്യവസായി വീരാജ്പേട്ടയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
Thursday, April 24, 2025 2:40 AM IST
കണ്ണൂർ: കണ്ണൂർ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യവസായിയെ വീരാജ്പേട്ടയിലെ സ്വന്തം എസ്റ്റേറ്റിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ ഭാസ്കരൻ-ശാന്ത ദന്പതികളുടെ മകൻ പ്രദീപ് കൊയിലിയാണു (49) കൊല്ലപ്പെട്ടത്.
വീരാജ്പേട്ട ബി കൊങ്കണ ഷെട്ടിഗേരിയിലെ കടന്നുപോകാൻ ഏറെ പ്രയാസമുള്ള കാപ്പിത്തോട്ടത്തിലെ താമസസ്ഥലത്താണു പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയാണു സംഭവം പുറംലോകമറിയുന്നത്.
വീരാജ്പേട്ടയിലെ സ്വന്തം എസ്റ്റേറ്റ് കേന്ദ്രീകരിച്ചു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു പ്രദീപ്. ബിസിനസുമായി ബന്ധപ്പെട്ട വിഷയമായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്ന സംശയവുമുയരുന്നുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ.
സംഭവമറിഞ്ഞ് ഗോണിക്കൊപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കൊല്ലപ്പെട്ട പ്രദീപ് അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രീത കൊയിലി, പരേതനായ ഡോ. പ്രമോദ് കൊയിലി.