നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരം
Wednesday, April 23, 2025 2:10 AM IST
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് മേജർ വിഷയം മാറ്റാനും കോളജ് മാറ്റത്തിനും അന്തർ സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേരള സർവകലാശാല സിൻഡിക്കേറ്റ് ആസ്ഥാനത്ത് വർത്താസമ്മേളനത്തിൽ പറഞ്ഞു.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്കൃത സർവ്വകലാശാല, ശ്രീനാരായണ ഓപ്പൺ സർവകലാശാല പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് മാർഗനിർദേശങ്ങൾ അംഗീകരിച്ചത്. FYUGP സംസ്ഥാനതല മോണിറ്ററിംഗ് സമിതിയാണ് മാർഗനിർദേശങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ വിശദമായ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.
മേജർ മാറ്റത്തിനായി അടുത്ത അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകൾ കോളജുകൾ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ പത്തു ശതമാനം അധികം സീറ്റ് ഇതിനായി അനുവദിക്കും.
മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജർ മാറ്റാൻ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളിൽ മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളിൽ വിദ്യാർഥികളുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി കോളജുകളിൽ റാങ്ക് ലിസ്റ്റ് തയാറാക്കും. ഒരു വിദ്യാർഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. ആദ്യത്തെ അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കും.
കോളജ് തലത്തിൽ മേജർ വിഷയ മാറ്റങ്ങൾക്കു ശേഷം ഒഴിവുവരുന്ന സീറ്റുകൾ സർവകലാശാലയെ അറിയിച്ച് ഒഴിവുകൾ പ്രസിദ്ധീകരിക്കും. തുടർന്ന് വിദ്യാർഥികളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയാറാക്കി കോളജുകൾക്ക് നൽകും. കോളജുകളാണ് വിദ്യാർഥികളുടെ പ്രവേശന നടപടി പൂർത്തിയാക്കുക. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ റാഗിംഗ് അടക്കമുള്ള അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാർഥി ഹാജരാക്കണം.
ആദ്യ രണ്ട് സെമസ്റ്ററുകളിൽ മുഴുവൻ കോഴ്സുകളും വിജയിച്ച വിദ്യാർഥികൾക്ക് അന്തർ സർവകലാശാലാ മാറ്റത്തിന് അപേക്ഷിക്കാം. കേരളത്തിന് പുറത്തുനിന്നുള്ള സർവകലാശാലാ വിദ്യാർഥികൾക്കും കേരളത്തിലെ സർവകലാശാലകളിൽ മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല പഠനബോർഡ് പരിശോധിച്ച് വിദ്യാർഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശിപാർശ ചെയ്യും. പ്രവേശന നടപടികൾ കോളജ് തലത്തിൽ പൂർത്തീകരിക്കും.
കഴിഞ്ഞ വർഷം മുതൽ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സർവകലാശാലകളും നാലുവർഷ ബിരുദം നടപ്പിലാക്കുന്നത്. ക്രഡിറ്റ് മാറ്റവും, വിദ്യാർഥികളുടെ അന്തർ സർവകലാശാലാ മാറ്റവുമടക്കം ഉള്ളതിനാൽ സർവകലാശാലകൾ തമ്മിലുള്ള ധാരണ ആവശ്യമായതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകൾക്കും മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടർ ബാധകമാക്കി. ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യനിർണയവും പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ വിധത്തിലാണ് കലണ്ടർ തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ Teaching-Learning-Examination-Evaluation രീതികളിലുള്ള സമഗ്രമായ മാറ്റത്തോടെ, തൊഴിലും നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലും, അധ്യാപകർക്കും വിദ്യാർഥികൾക്കും അവകാശങ്ങൾ ഉറപ്പാക്കുന്ന തരത്തിലുമാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഘടന. സംസ്ഥാനത്തെ മുഴുവൻ കോളജ് അധ്യാപകർക്കും ഇതിന്റെ ഭാഗമായി സമഗ്ര പരിശീലനം നടപ്പിലാക്കും.
ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച പുതിയ സെന്റർ ഓഫ് എക്സലൻസ്, കോളജ് വിദ്യാഭ്യാസ വകുപ്പ്, സർവകലാശാലകൾ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിൽ മാസ്റ്റർ ട്രെയിനർമാരെ തെരഞ്ഞെടുത്തു പരിശീലനം നൽകി അവർ വഴി കോളജുകളിൽ അല്ലെങ്കിൽ ക്ലസ്റ്റർ ആയി മുഴുവൻ അധ്യാപകരിലേക്കും പരിശീലനം എത്തുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ആറു മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കും. രണ്ടു മാസത്തിലൊരിക്കൽ പരിശീലന പുരോഗതി വിലയിരുത്തും. വിദ്യാർഥികൾക്ക് മെച്ചപ്പെട്ട കോഴ്സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്സുകൾ സർവകലാശാലകൾ തയാറാക്കും. നൂതനവും തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്സുകളാണ് തയാറാക്കുക.
വിദ്യാർഥികൾക്ക് കൃത്യമായ ഇന്റേൺഷിപ്പ് നൽകുന്നതിന് കെൽട്രോണുമായി ചേർന്ന് വെബ് പോർട്ടൽ സജ്ജീകരിക്കും. ഇന്റേൺഷിപ്പ് സൗജന്യമായും, സ്റ്റൈപ്പന്റോടുകൂടിയും, ഫീസോടു കൂടിയുമുള്ളത് വിവിധ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും.
ഒരു ലക്ഷം ഇന്റേൺഷിപ്പുകൾ ഈ രീതിയിൽ നടപ്പിലാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലവും സമയബന്ധിതമായി മേയിൽ സർവകലാശാലകൾ പ്രഖ്യാപിക്കും.
ഏകീകൃത അക്കാദമിക് കലണ്ടറിന് അംഗീകാരം
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിനായി എല്ലാ സർവകലാശാലകൾക്കുമായുള്ള ഏകീകൃത അക്കാദമിക് കലണ്ടറിന് അംഗീകാരം.
ക്രെഡിറ്റ് മാറ്റവും, വിദ്യാർഥികളുടെ അന്തർ സർവകലാശാലാ മാറ്റവുമുൾപ്പെടെ സർവകലാശാലകൾ തമ്മിൽ ഒരു ധാരണയുണ്ടാവനാണ് എല്ലാ സർവകലാശാലകൾക്കും ബാധകമായ മാതൃകാ ഏകീകൃത അക്കാദമിക് കലണ്ടർ അംഗീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്കൃത സർവകലാശാല, ശ്രീനാരായണ ഓപ്പണ്‍ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ, കോളജ് വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്ത യോഗമാണ് നടന്നത്.
പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിരുദ പ്രവേശന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. ജുണ് ഏഴുവരെ അപേക്ഷ സ്വീകരിക്കും.
റാങ്ക് ലിസ്റ്റ് ജൂണ്‍ 16ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 21ന് മുന്‍പും രണ്ടാം അലോട്ട്മെന്റ് 30ന് മുന്‍പും നടത്തും. ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. മൂന്നാം അലോട്ട്മെന്റ് ജൂലൈ ഏഴിന് നടത്തും.
നാലാം അലോട്ട്മെന്റ് ജൂലൈ 19നും നടക്കും. കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 31ന് മുന്‍പും കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 30ന് മുന്‍പും നടത്തും. ഒന്നാം സെമസ്റ്റർ പരീക്ഷ രജിസ്ട്രേഷൻ ഒക്ടോബർ 15ന് നടക്കും.
ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഒക്ടോബർ 31ന് അവസാനിക്കും. ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ മൂന്നു മുതൽ 18 വരെ നടത്തും. കോളജ്തല കായികമേള ഡിസംബർ 19ന് മുന്‍പും കോളജ്, സർവകലാശാല തല യൂത്ത് ഫെസ്റ്റിവൽ 2026 ജനുവരി 31ന് മുന്‍പും ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലും കായിക മേളയും ഫെബ്രുവരി 28ന് മുന്‍പ് നടത്തും. രണ്ടാം വർഷ വിദ്യാർഥികളെുട ക്ലാസ് ജൂണ്‍ രണ്ടിന് ആരംഭിക്കും. കോഴ്സ് രജിസ്ട്രേഷൻ ജൂണ്‍ 13നും നടക്കും.