പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രൻ കൊല്ലപ്പെട്ടത് മകളുടെ മുന്നിൽ
Wednesday, April 23, 2025 2:11 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെ വിനോദസഞ്ചാരികള്‍ക്കു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് എറണാകുളം ഇടപ്പള്ളി മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്. തിങ്കളാഴ്ചയാണ് ഭാര്യ ഷീല, മകള്‍ അമ്മു, അമ്മുവിന്റെ ഇരട്ട ആണ്‍കുട്ടികള്‍ എന്നിവർക്കൊപ്പം രാമചന്ദ്രന് കാഷ്മീരിലേക്കു പോയത്.
നെടുമ്പാശേരിയില്‍നിന്നു വിമാനത്തില്‍ ഹൈദരാബാദിലേക്കും അവിടെനിന്നു കാഷ്മീരിലേക്കുമായിരുന്നു യാത്ര. മകളുടെ മുന്നില്‍വച്ചാണ് രാമചന്ദ്രന് വെടിയേറ്റതെന്നാണു വിവരം. ഇന്നലെ രാത്രിയോടെയാണ് രാമചന്ദ്രന്റെ മകള്‍ അമ്മു തൃപ്പൂണിത്തുറയിലുള്ള ബന്ധുവിനെ വിവരം അറിയിച്ചത്.
മകള്‍ ആശുപത്രിയില്‍ എത്തി അച്ഛന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന അമ്മു കുട്ടികളുമായി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇതിനുശേഷം ഇവര്‍ ഒരുമിച്ച് വിനോദ സഞ്ചാരത്തിനായി യാത്ര പുറപ്പെടുകയായിരുന്നു.
ദീര്‍ഘകാലം ദുബായിൽ ജോലിചെയ്ത രാമചന്ദ്രന് തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
ഭാര്യയും മകളും കുട്ടികളും സുരക്ഷിതരാണെന്നാണ് അറിയാനായതെന്ന് ബന്ധുക്കള്‍ കൊച്ചിയില്‍ പ്രതികരിച്ചു. രാമചന്ദ്രന്റെ മകന് ബംഗളൂരുവില്‍ ജോലി ചെയ്യുന്നതിനാല്‍ യാത്രയിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അയല്‍വാസികളും ബന്ധുക്കളും നാട്ടുകാരും രാമചന്ദ്രന്റെ വീട്ടിലെത്തി.
കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ലഫ്റ്റനന്റ് വിനയ് നര്‍വാളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.