നാൽപ്പതിലും നിസയ്ക്കിതു നിസാരം
Wednesday, April 23, 2025 2:10 AM IST
തിരുവനന്തപുരം: പരിമിതികൾക്കു മുന്നിൽ പതറുകയല്ല പോരാട്ടമാണ് എറ്റവും വലിയ ശക്തിയെന്നതായിരുന്നു നിസയുടെ വാക്കുകൾ.
ആ വാക്കുകൾ തന്റെ പോരാട്ടത്തിലൂടെ തെളിയിച്ചിരിക്കയാണ് നിസ ഉണ്ണിരാജൻ. കേൾവിപരിമിതിയെന്ന വെല്ലുവിളി, കൂടാതെ മുഴുവൻസമയ ജോലി, രണ്ടു മക്കളുടെ കാര്യങ്ങൾക്കായി സമയം ചെലവഴിക്കുക. ഇതിനു ശേഷം മാത്രം ഐഎഎസ് പഠനത്തിനായി സമയം കണ്ടെത്തുക.
എന്നാൽ കുറഞ്ഞ സമയം മാത്രം പഠനത്തിനു ലഭിച്ചുള്ളൂവെങ്കിലും തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ ഇത്തവണ നിസ ഉണ്ണിരാജൻ എന്ന നാൽപതുകാരി ഐഎഎസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചപ്പോൾ ആ വിജയത്തിനു മധുരമേറെയാണ്.
11 വയസുള്ള നന്ദനയും ഏഴു വയസുകാരി തൻവിയുമാണ് മക്കൾ. ഇരുവരും സ്കൂൾ കുട്ടികൾ. ഇവരുടെ കാര്യങ്ങൾ നോക്കണം. കൂടാതെ ഏജീസ് ഓഫീസിലെ ഓഡിറ്റ് അസിസ്റ്റന്റ് ജോലി, കേൾവി പരിമിതി മൂലം ഉപകരണ സഹായത്തോടെ കേൾവി. ഈ വെല്ലുവിളികളെയെല്ലാം മറികടന്നാണ് നിസ തന്റെ സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
ഏഴുവട്ടം ശ്രമിച്ച ശേഷമാണ് ഈ വിജയതീരത്ത് എത്തിയത്. ഓരോ തവണ പരാജയപ്പെട്ടപ്പോഴും പിൻമാറാൻ തയാറായില്ല . വീണ്ടും പരിശ്രമിച്ചു. ഐഎഎസ് നേടണമെന്ന ആഗ്രഹം നിസയുടെ മനസിൽ മൊട്ടിട്ടത് 33-ാം വയസിലാണ്.
തുടർന്ന് ഏഴാം വട്ടം ഇക്കുറി വിജയം സ്വന്തമാക്കി. സോഫ്റ്റ്വേയർ എൻജിനിയറായ ഭർത്താവ് അരുണിന്റെ പിന്തുണ നിസയ്ക്ക് കരുത്തായി.
പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ക്ലർക്ക് ആയി വിരമിച്ച പിതാവ് ഉണ്ണിരാജനും അമ്മ ജയശ്രീയും നിസയ്ക്ക് നൽകിയ പിന്തുണ ഏറ്റവും സഹായകരമായി.
ഐഎഎസ് ഇന്റർവ്യു പരിശീലന കാലത്ത് തിരുവനന്തപുരം അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയിൽ മുൻ ഡിജിപി ഋഷിരാജ് സിംഗും യുപിഎസ്സി ഇന്റർവ്യൂ ബോർഡ് മുൻ എക്സ്പേർട്ട് മെന്പർ ആയ ഡോ. എം.സി. ദിലീപ് കുമാറും നിസയുടെ പോരാട്ട മനസിനെ ഏറെ പ്രശംസിച്ചിട്ടുണ്ട്.
ഡോ. ജോബിൻ എസ്. കൊട്ടാരം ഡയറക്ടറായുള്ള തിരുവനന്തപുരം അബ്സൊല്യൂട്ട് അക്കാദമിയിൽ പ്രോജക്ട് ചിത്രശലഭം എന്നതിന്റെ ഭാഗമായാണ് നിസ ഇന്റർവ്യൂ പരിശീലനം നടത്തിയത്.