കൃത്യമായ ആസൂത്രണം; പക്ഷെ ഗൂഗിള്‍ ചതിച്ചു
Thursday, April 24, 2025 2:40 AM IST
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതികളെ കൊലപ്പെടുത്തി രക്ഷപ്പെടാനുള്ള ആസാം സ്വദേശി അമിത് ഉറാംഗിന്റെ ആസൂത്രണങ്ങള്‍ കൃത്യമായിരുന്നെങ്കിലും ഒടുവില്‍ പാളി.
കോട്ടയത്തുനിന്നു ട്രെയിനിലും പീന്നിടു ബസിലുമായി തൃശൂര്‍ മാള ആലത്തൂരിലുള്ള അസം സുഹൃത്തുക്കള്‍ കഴിയുന്ന കെട്ടിടത്തില്‍ എത്തിയശേഷം അവിടെനിന്നു സംസ്ഥാനം വിടാനായിരുന്നു പദ്ധതി. എന്നാല്‍ രക്ഷപ്പെടുന്നതിനിടെ ഫോണ്‍ ഓണാക്കിയതാണ് പോലീസിനു സൂചനയായത്.
എട്ടു ഫോണുകള്‍ മാറിമാറി ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്കുശേഷം വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ അമിത് കൈക്കലാക്കിയിരുന്നു. ഈ ഫോണിലെ ജി-മെയില്‍, ഗൂഗിള്‍ പേ, ഇന്റര്‍നൈറ്റ് എന്നിവ അമിത് യാത്രയ്ക്കിടെ ഉപയോഗിച്ചിരുന്നു ഇതും പ്രതിയിലേക്ക് എത്തിച്ചേരാന്‍ സഹായകരമായി.
മാള ആലത്തൂരിലെ കോഴിഫാമിനു സമീപം ഇവിടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ താമസിച്ചിരുന്ന ക്യാമ്പില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് അമിത് എത്തിയത്. കൊലപതകം നടത്തിയശേഷമാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന വിവരം സുഹൃത്തുക്കള്‍ക്ക് അറിയാമോ എന്നതില്‍ സ്ഥിരീകരണമില്ല.
ഇന്നലെ രാവിലെ ചായ കുടിക്കാന്‍ അമിത് പുറത്തിറങ്ങി. നൂറു മീറ്റര്‍ ലൊക്കേഷനുള്ളില്‍ അമിത് ഉണ്ടെന്നറിഞ്ഞ പോലീസ് പ്രദേശം അരിച്ചു പെറുക്കുകയായിരുന്നു.
പോലീസിന്റെ കൈവശമുണ്ടായിരുന്ന അമിതിന്റെ ഫോട്ടോ പ്രദേശവാസികളെ കാണിച്ചപ്പോള്‍ അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ഗോപിയാണ് തൊട്ടു മുന്‍പ് ചിത്രത്തില്‍ കണ്ടതുപോലൊരാൾ അസം തൊഴിലാളി ക്യാമ്പിലേക്കു പോയതായി പറഞ്ഞത്.
ക്യാമ്പ് വളഞ്ഞ പോലീസ് സഹോദരന് താമസിച്ചിരുന്ന മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന അമിതിനെ പിടികൂടി.