മലയോരത്തിന് അഭിമാനമായി സോനറ്റ് ജോസ്
Wednesday, April 23, 2025 2:10 AM IST
സാന്റോ മണിയിലയിൽ
മുണ്ടക്കയം: കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളിലും വിജയം കൈവരിക്കുവാൻ കഴിയുമെന്ന് കാട്ടിത്തരികയാണ് മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ സോനറ്റ് ജോസ്.
സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈറ്റക്കക്കുന്നേല്‍ ജോസ് - മേരിക്കുട്ടി ദമ്പതികളുടെ ഇളയ മകളായ സോനറ്റ് ജോസ്. ഹൈസ്കൂൾ വരെ മുണ്ടക്കയം സെന്റ് ആന്റണീസിലും പ്ലസ് ടു പഠനം എരുമേലി സെന്റ് തോമസിലുമാണ് നടത്തിയത്. ചെറുപ്പം മുതലുള്ള സോനറ്റിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കളക്ടർ ആകുക എന്നത്.
പത്തിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പിന്നീട് തന്റെ ആഗ്രഹം സഫലമാക്കുവാനുള്ള കഠിന പരിശ്രമങ്ങൾ ആരംഭിച്ചു. ഉന്നത പഠനത്തിനായി ആദ്യം ഡൽഹിയിലെ മിറാൻഡ ഹൗസിൽ പഠനം ആരംഭിച്ചു. എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ ഇവിടത്തെ പഠനം താത്കാലികമായി ഉപേക്ഷിക്കേണ്ടിവന്നു. നാട്ടിൽ തിരിച്ചെത്തി തിരുവനന്തപുരത്ത് ഫോര്‍ച്ചൂണ്‍ സിവില്‍ സര്‍വീസ് അക്കാദമിയിലാണ് തുടർന്നുള്ള പഠനം നടത്തിയത്.
ആദ്യ പരിശ്രമത്തിൽ ഇന്റർവ്യൂ വരെ എത്തിയെങ്കിലും അവിടെ പരാജയപ്പെട്ടു. എന്നാൽ തന്റെ ആഗ്രഹത്തിൽനിന്ന് പിന്മാറുവാൻ സോനറ്റ് തയാറായിരുന്നില്ല. അധ്യാപകർ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിച്ചതോടൊപ്പം ഒരുപറ്റം നല്ല സുഹൃത്തുക്കളുടെ സഹായവും ലഭിച്ചതോടെ ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സോനറ്റ് ജോസിന് കഴിഞ്ഞു.
കര്‍ഷകനായ ജോസും വീട്ടമ്മയായ മേരിക്കുട്ടിയും തങ്ങളുടെ മകളുടെ വിജയത്തില്‍ അതീവസന്തോഷത്തിലാണ്. സഹോദരങ്ങളായ സോണിയും സോണിയായും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും നൽകിയ പിന്തുണയും സഹായവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സോനറ്റ് പറയുന്നു. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ സോനറ്റിന്റെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്.