33-ാം റാങ്ക് നേടി പാലാ സ്വദേശി
Wednesday, April 23, 2025 2:10 AM IST
പാലാ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി കേരളത്തിന്റെ അഭിമാനമായി പാലാ സ്വദേശി ആല്‍ഫ്രഡ് തോമസ്. 33-ാം റാങ്കാണ് കരസ്ഥമാക്കിയത്.
ആല്‍ഫ്രഡ് തന്റെ അഞ്ചാം ശ്രമത്തിലാണ് സിവില്‍ സര്‍വീസില്‍ ഈ നേട്ടം കൈവരിച്ചത്. ഡല്‍ഹിയില്‍ ഫ്രീ ലാന്‍സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന പാലാ പാറപ്പള്ളി കാരിക്കക്കുന്നേല്‍ തോമസിന്റെയും അധ്യാപികയായിരുന്ന ടെസിയുടെയും മകനാണ്.
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എന്‍ജിനിയറിംഗ് പാസായ ആല്‍ഫ്രഡ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കണക്കാണ് ഐച്ഛിക വിഷയമായി എടുത്തത്. ആല്ഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള ലക്ഷ്യമായിരുന്നു സിവില്‍ സര്‍വീസ്. ആദ്യ നാലു തവണയും ലക്ഷ്യം കൈവരിക്കാനായില്ല, പ്രതീക്ഷയോടെ അഞ്ചാം തവണ പരീക്ഷയെ നേരിടുകയായിരുന്നു.