സഹകരണരംഗത്ത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു: വി.ഡി. സതീശൻ
Monday, November 18, 2024 6:39 AM IST
കൊച്ചി: സഹകരണരംഗത്ത് സര്‍ക്കാരിനു നല്കുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഒരുകാര്യത്തിലും സര്‍ക്കാരുമായി സഹകരണരംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കില്ല. കോഴിക്കോട് ചേവായൂരില്‍ നടന്നതു സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകമാണ്. അതിന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും കൂട്ടുനിന്നു. കള്ളവോട്ട് ചെയ്യാന്‍ എത്തിയ മൂവായിരത്തോളം ക്രിമിനലുകളെ ഉപയോഗിച്ച് പോലീസിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാനെത്തിയവരെ ആക്രമിച്ചത്.
കേരളത്തിലെ സഹകരണബാങ്കുകള്‍ ഒരുകാലത്തും ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിനു മുമ്പാണ് യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണസംഘങ്ങള്‍ ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ചു പിടിച്ചെടുക്കുന്നത്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന ബാങ്കുകളില്‍ തങ്ങളുടെ അനുഭാവികളായവരുടെ നിക്ഷേപങ്ങള്‍ തുടരണമോയെന്നു പാര്‍ട്ടി ഗൗരവതരമായി ആലോചിക്കും.
പത്തനംതിട്ടയില്‍ 18 മുതല്‍ 21 ബാങ്കുകള്‍ വരെയാണ് സിപിഎം പിടിച്ചെടുത്തത്. ആ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച ബാങ്കുകളില്‍ ഒന്നായിരുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ക്രിമിനലുകളെ ഉപയോഗിച്ചാണു പിടിച്ചെടുത്തത്. ആ ബാങ്കിന്റെ നിലവിലെ അവസ്ഥ എന്താണെന്നും സതീശന് ചോദിച്ചു.