മില്‍മ മേഖലാ യൂണിയന് പൊതുയോഗം അലങ്കോലപ്പെട്ടെന്ന പ്രചാരണം തെറ്റ്: ചെയര്മാന്
Sunday, November 17, 2024 1:53 AM IST
കൊച്ചി: കഴിഞ്ഞ 14ന് പെരുമ്പാവൂര്‍ ടൗണ്‍ഹാളില്‍ നടന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രത്യേക പൊതുയോഗം അലങ്കോലപ്പെട്ടെന്ന തരത്തില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും യൂണിയനെ തകര്‍ക്കുന്നതിനുള്ള ശ്രമവുമാണെന്ന് മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന്.
510 അംഗ സംഘങ്ങളിലെ പ്രസിഡന്റുമാര്‍ പങ്കെടുത്ത പ്രത്യേക പൊതുയോഗത്തില്‍ സമര്‍പ്പിച്ച ബൈലോ ഭേദഗതിയില്‍ ഭരണസമിതിയിലേക്ക് മൂന്നു ടേമോ 15 വര്‍ഷത്തില്‍ കൂടുതലോ അംഗമായിരിക്കാന്‍ പാടില്ല എന്ന ഭേദഗതിയെ മൂന്നുപേര്‍ മാത്രമാണ് അനുകൂലിച്ചത്. സംഘം പ്രസിഡന്റുമാരുടെ ശക്തമായ എതിര്‍പ്പ് അംഗീകരിച്ച് ഈ ഭേദഗതി ഒഴിവാക്കി മറ്റു ഭേദഗതികള്‍ അംഗീകരിക്കുകയായിരുന്നു.
പൊതുയോഗശേഷം യോഗതീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി ആറു കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് എല്‍ഡിഎഫ് അംഗങ്ങളും ചേര്‍ന്ന് മാനേജിംഗ് ഡയറക്ടര്‍ക്ക് കുറിപ്പു നല്കി.
പൊതുയോഗം അലങ്കോലപ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നവര്തന്നെയാണു യോഗതീരുമാനത്തില്‍ വിയോജനക്കുറിപ്പും നല്‍കിയിട്ടുള്ളത്. പൊതുയോഗത്തിലെ കാര്യങ്ങള്‍ വിശദീകരിച്ച് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ട്.
മേഖലാ യൂണിയന് തെരഞ്ഞെടുപ്പ് ജനുവരി 20ന് ജനാധിപത്യരീതിയില്‍ നടത്തുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ഭരണസമിതി മുന്നോട്ടു പോകുകയാണ്.
ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി 19ന് മേഖലാ യൂണിയന് ഭരണസമിതി യോഗം ഇടപ്പള്ളി ഹെഡ് ഓഫീസില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ചെയര്മാന് എം.ടി. ജയന് അറിയിച്ചു.