മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തം: കേന്ദ്ര അവഗണനയിൽ പ്രതിഷേധം ആളുന്നു
Saturday, November 16, 2024 1:50 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക ധനസഹായം നൽകാൻ തയാറാകാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരേ സംസ്ഥാനത്തു വ്യാപക പ്രതിഷേധം. കേന്ദ്ര സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് ആദ്യം യുഡിഎഫും പിന്നീട് എൽഡിഎഫും വയനാട്ടിൽ ഹർത്താലും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വയനാട്ടിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച ശേഷവും നഷ്ടപരിഹാരം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരേ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന ചോദ്യമുയർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സർക്കാർ നിലപാടിനെതിരേ രംഗത്ത് എത്തിയത്.
വയനാട് ദുരന്ത സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടു കാട്ടുന്ന നീതീകരണമില്ലാത്ത കടുത്ത വിവേചനമാണെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം. കേന്ദ്ര നിലപാടിനെതിരേ പ്രക്ഷോഭം തുടങ്ങുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു.
ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ദുരന്തങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിക്കുമ്പോൾ, കേരളത്തിലുണ്ടായ വൻ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ആവശ്യമായ നഷ്ടപരിഹാരം നൽകാത്ത കേന്ദ്ര നടപടിയെയാണ് യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടായി എതിർക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
തീരുമാനം ഈ മാസം വേണമെന്ന് കോടതി
കൊച്ചി: വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഈ മാസംതന്നെ തീരുമാനം വേണമെന്ന് ഹൈക്കോടതി. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാർ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ദേശം.
ദുരന്തമേഖലയായി പ്രഖ്യാപിക്കാന്‍ ഉന്നതാധികാര സമിതി ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് അറിയിച്ചു. എന്നാല്‍ നാലു മാസം പിന്നിട്ടിട്ടും യോഗം ചേര്‍ന്നില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മന്ത്രിയുടെ കത്ത് പരിശോധിച്ച കോടതി, സഹായം നല്‍കില്ലെന്ന് പറയുന്നില്ലല്ലോ എന്ന് അഭിപ്രായപ്പെട്ടു.
വ്യക്തത വരുത്താമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറി യിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ ഫണ്ട് ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതിൽ തീരുമാനം ഉണ്ടാകണമെന്ന്അമിക്കസ് ക്യൂറിയും ആവശ്യപ്പെട്ടു.
19ന് ഹർത്താൽ
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പ്രത്യേക സാന്പത്തിക സഹായം അനുവദിക്കുന്നതിലും കേന്ദ്ര സർക്കാർ കാട്ടുന്ന വിമുഖതയിൽ പ്രതിഷേധിച്ച് 19ന് യുഡിഎഫും എൽഡിഎഫും വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്നലെ വൈകുന്നേരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെയായിരുന്നു എൽഡിഎഫ് ഹർത്താൽ ആഹ്വാനം. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ ആചരിക്കുകയെന്നു യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ പറഞ്ഞു.