ഇന്ത്യയുടെ സാമ്പത്തികനില ശക്തം: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
Sunday, November 17, 2024 1:53 AM IST
കൊച്ചി: ലോകവും ഇന്ത്യയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വിവിധ നടപടികളിലൂടെ മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തികനില ശക്തമായിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (കിഫ്) ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്, യുക്രെയ്ന് യുദ്ധം, മിഡിൽ ഈസ്റ്റിലെ യുദ്ധം തുടങ്ങിയവയെല്ലാം ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും പലതരത്തില്‍ ബാധിച്ചു. എന്നാല്‍ കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍നിന്ന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കരകയറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ചുള്ള നമ്മുടെ റിസര്‍വ് 675 ബില്യണ്‍ ഡോളറാണ്. ഇത് 12 മാസത്തെ ഇറക്കുമതിക്കുള്ളതുണ്ടെന്നും ലോകത്തിലെ നാലാമത്തെ മികച്ച റിസര്വാണെന്നും അദ്ദേഹം പറഞ്ഞു.
നാണ്യപ്പെരുപ്പത്തില്‍ സെപ്റ്റംബറിലും ഒക്ടോബറിലും പ്രതീക്ഷിച്ചതുപോലെ ചെറിയ വര്‍ധനവുണ്ടായെങ്കിലും വൈകാതെ അതു നിയന്ത്രണവിധേയമായി മിതമാകുമെന്നാണു പ്രതീക്ഷ. ഇന്ത്യയുടെ നില ഇങ്ങനെ മികച്ചതാണെങ്കിലും ഇവയില്‍ വിശ്രമിക്കാതെ നമ്മള് തുടങ്ങിവച്ച സാമ്പത്തികഘടനാ പരിഷ്കാരങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതും നാണ്യപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനെ ഏൽപ്പിച്ചതുമെല്ലാം വലിയ പരിഷ്കാരങ്ങളായി. ജിഎസ്ടി, എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ വ്യവസ്ഥവത്കരണ നടപടികള്‍ കൂടുതല്‍ വ്യാപകമാക്കണം. വായ്പാവിതരണ വ്യവസ്ഥ കൂടുതല്‍ വിശാലമാക്കണമെന്നും സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലും മറ്റു നഗരങ്ങളിലുമുള്ള ഇന്റര്‍നാഷണല്‍ സെന്ററുകളുടെ മാതൃകയിലാണ് കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് പദ്ധതി നടപ്പാക്കുകയെന്ന് കിഫ് ചെയര്‍മാനും മുന്‍ കേന്ദ്ര നഗരവികസന സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രന് പറഞ്ഞു.
കിഫ് സ്ഥാപകാംഗങ്ങളായ റിട്ട. ജസ്റ്റീസ് സതീഷ് ചന്ദ്രന്, സിന്തൈറ്റ് എക്സി. ചെയര്മാന് ഡോ. വിജു ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ടിസിഎസ് കേരള തലവന്‍ ദിനേഷ് പി. തമ്പി, അഭിഭാഷകനായ മധു രാധാകൃഷ്ണന്, മരിയ ഏബ്രഹാം തുടങ്ങിയവകും സന്നിഹിതരായിരുന്നു.