കുറുവാ സംഘാംഗമെന്നു സംശയം; പോലീസിനെ ആക്രമിച്ചു രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ സാഹസികമായി പിടികൂടി
Sunday, November 17, 2024 1:53 AM IST
മരട്: സ്ത്രീകളും കുട്ടികളുമുൾപ്പെടെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ നാലര മണിക്കൂറിനുശേഷം സാഹസികമായി പിടികൂടി. കുറുവാസംഘാംഗമെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവമാണ് പോലീസ് ജീപ്പിൽനിന്ന് കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ടത്.
കുണ്ടന്നൂർ-തേവര പാലത്തിനു സമീപത്തെ മാലിന്യം നിറഞ്ഞ ചതുപ്പിൽനിന്നാണ് ഇയാളെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പിടികൂടാനായത്. പരിചയമുള്ള സ്ഥലമെന്ന മട്ടിലാണ് പ്രതി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. സ്കൂബാ സംഘമടക്കമുള്ള അന്പതോളം പേർ അന്വേഷണത്തിനിറങ്ങിയിരുന്നു.
ഇന്നലെ വൈകുന്നേരം 5.15നാണ് മണ്ണഞ്ചേരി പോലീസ് കുണ്ടന്നൂർ-തേവര പാലത്തിനു സമീപത്ത് പരിശോധനയ്ക്കെത്തിയതും രണ്ടു പേരെ കസ്റ്റഡിയിലെടുത്തതും. പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ പാലത്തിനു സമീപത്തുള്ള ടെന്റിനകത്ത് കുഴിയിൽ ചുരുണ്ടുകൂടി ടർപോളിൻ കൊണ്ട് മൂടിയ നിലയിലായിരുന്നു സന്തോഷ് ശെൽവൻ. ഇയാൾക്കൊപ്പം മണികണ്ഠനെന്നയാളെയും പിടികൂടിയിട്ടുണ്ട്.
കുണ്ടന്നൂർ - തേവര പാലത്തിനു താഴെ തമ്പടിച്ചിരുന്ന ഇതര സംസ്ഥാനക്കാർക്കിടയിൽ കുറുവാസംഘമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് പരിശോധനയ്ക്കെത്തിയത്.
തമിഴ് നാടോടിസ്ത്രീകൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്ന സന്തോഷിനെയും മണികണ്ഠനെയും ചോദ്യം ചെയ്യാനായി ആലപ്പുഴയ്ക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീകളും കുട്ടികളുമടക്കം ചേർന്ന് പോലീസിനെ തടഞ്ഞ് ജീപ്പിന്റെ ഡോർ തുറന്ന് സന്തോഷിനു രക്ഷപ്പെടാൻ അവസരമൊരുക്കിയത്. പിടികൂടുന്പോൾ മാരകായുധങ്ങളടക്കം ഇവരുടെ കൈവശമുണ്ടായിരുന്നു.
പോലീസ് സംഘത്തിനൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതിരുന്നതിനാൽ സ്ത്രീകളുൾപ്പെടെയുള്ളവർ തടയാനെത്തിയപ്പോൾ ഒന്നും ചെയ്യാനായില്ല. തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തി മരട്, നെട്ടൂർ, തേവര ഭാഗങ്ങളിൽ ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
പോലീസിനെ തടയാൻ ശ്രമിച്ച സ്ത്രീകളിൽ രണ്ടുപേരെയും മരട് പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായിട്ടുള്ള ജ്യോതി സന്തോഷിന്റെ ഭാര്യയും പൊന്നമ്മ അമ്മയുമാണെന്ന് സൂചനയുണ്ട്. തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിക്കടുത്താണ് ഇവരുടെ സ്വദേശമെന്നും പറയുന്നു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഭീതിപരത്തി മോഷണം നടത്തുന്ന വിവിധ കുറുവാ സംഘങ്ങളിലെ ഒരെണ്ണമാകാം ഇവരുടേതെന്നാണ് സൂചന.