അരലക്ഷം ഹെക്ടർ ഭൂമി കടമെടുത്തു കൃഷിയിറക്കാൻ സർക്കാർ
Monday, November 18, 2024 6:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തരിശായി കിടക്കുന്ന അരലക്ഷം ഹെക്ടർ ഭൂമിയിൽ ആധുനിക കൃഷിയിറക്കി വിളവു കൊയ്യാൻ സർക്കാർ. ലോകബാങ്ക് സഹായത്തോടെയുള്ള 2,000 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നടപടി.
സംസ്ഥാനത്താകെ 1.03 ലക്ഷം ഹെക്ടർ ഭൂമി തരിശായി കിടക്കുന്നുവെന്നാണു സർക്കാർ കണ്ടെത്തൽ. ഇതിൽ നിന്ന് പകുതിയോളം ഭൂമി കണ്ടെത്തി ആധുനിക കൃഷിയിറക്കാനുള്ള ആലോചനയാണ് പ്രായോഗിക തലത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ഇതിനായി 50,000 ഹെക്ടർ തരിശു ഭൂമി ഉടമകളിൽ നിന്ന് സർക്കാർ കടമെടുക്കും. 23 വർഷത്തേക്കുള്ള സേവനതല കരാർ പ്രകാരം തരിശ് കൃഷിഭൂമി ഏറ്റെടുത്ത് കർഷകർക്കു കൃഷിക്കായി നൽകുക. ഇതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ തന്നെ കൃഷിക്കായി ഭൂമി നൽകാനാകും. കൃഷിഭൂമി കൈമാറ്റത്തിൽ ഭൂവുടമയ്ക്കും കർഷകനും പൂർണ നിയമ പരിരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കൃഷിയോഗ്യമായ ഭൂമി ചെറുകിട- വാണിജ്യ കർഷകർ, കർഷകസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ), കൃഷിക്കൂട്ടങ്ങൾ എന്നിവർക്കായി കരാർ അടിസ്ഥാനത്തിൽ കൃഷിക്ക് വിട്ടുകൊടുക്കാനാകും. സംരംഭത്തിൽ പങ്കാളികളാകാൻ കർഷകരിൽ നിന്നും ഭൂവുടമകളിൽ നിന്നും സർക്കാർ താത്പര്യപത്രം ക്ഷണിച്ചു. ഇതുവരെ 22 ഭൂവുടമകൾ 1142 ഏക്കർ ഇടവിളകൃഷി ഉൾപ്പെടെ ആകെ 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമിക്കായി താത്പര്യപത്രം സമർപ്പിച്ചതായാണ് കണക്ക്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർ തങ്ങളുടെ ഭൂമി നൽകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് പൈലറ്റ് പദ്ധതി തുടങ്ങും. ഇതുവഴി സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 30 ലക്ഷം മെട്രിക് ടണ്ണിലേക്കും പഴവർഗ ഉത്പാദനം 45 ലക്ഷം മെട്രിക് ടണ്ണിലേക്കും ഉയർത്താൻ കഴിയുമെന്നാണ് കണക്ക്. രണ്ടു തരത്തിലുള്ള കൃഷിരീതിയാണ് പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്.
ഒന്ന് കേരള കോപ്പറേറ്റീവ് കൾട്ടിവേറ്റർ ആക്ട് അനുസരിച്ചും രണ്ടാമത്തേത് സർവീസ് ലെവൽ എഗ്രിമെന്റ് പ്രകാരമുള്ളതുമാണ്. ഒന്നാമത്തേത് 11 മാസത്തിൽ വിളവെടുപ്പ് പൂർത്തീകരിക്കുന്ന വിളകൾക്കുള്ളതാണ്. സീസണൽ കൃഷിക്ക് ഇത് ഗുണകരമാണ്. ഒരു വർഷത്തിലധികം വേണ്ടിവരുന്ന വിളകൾക്കും കൂടുതൽ കാലത്തേക്കു കൃഷിയിൽ ഏർപ്പെടുവാൻ താത്പര്യമുള്ളവർക്കും രണ്ടാമത്തെ സർവീസ് ലെവൽ എഗ്രിമെൻറ് ഉപയോഗപ്പെടും.