കീം എന്‍ട്രന്‍സ്: മാര്‍ക്ക് ഏകീകരണത്തിലെ അപാകത പരിഹരിക്കണം: ടീച്ചേഴ്സ് ഫ്രണ്ട്
Sunday, November 17, 2024 1:52 AM IST
പാലാ: കീം പ്രവേശന പരീക്ഷയിലെ മാര്‍ക്ക് ഏകീകരണത്തിലെ അപാകതകള്‍ പരിഹരിച്ച് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് കോളജ് പ്രവേശനം എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കീം റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ ഹയര്‍ സെക്കന്‍ഡറിയുടെ 50% മാര്‍ക്ക് ഉള്‍പ്പെടുത്തിയത്.
ഇക്കഴിഞ്ഞ കീം 2024 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരള സിലബസില്‍ പഠിച്ചവരോട് അനീതിയാണ് കാണിച്ചിരിക്കുന്നതെന്നും ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നടത്തിയതിലെ അപാകത മൂലം പല കുട്ടികള്‍ക്കും എൻജിനിയറിംഗ് കോളജുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായും നിവേദനത്തില്‍ പറയുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടോബിന് കെ. അലക്സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, ട്രഷറര്‍ പോരുവഴി ബാലചന്ദ്രന്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് റോയി മുരിക്കോലി, സീനിയര്‍ സെക്രട്ടറി സെക്രട്ടറി കെ.ജെ. മേജോ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.