ശാസ്ത്ര വിസ്മയോത്സവം; ജിജ്ഞാസാഭരിതരായി കുട്ടികൾ...
Sunday, November 17, 2024 1:53 AM IST
ആലപ്പുഴ: ടൈം ട്രാവല്‍ ചെയ്യാന്‍ പറ്റുമോ സര്, തമോഗര്‍ത്തത്തിന് എക്സിറ്റുണ്ടോ, ലോകാവസാനം ഉണ്ടാകുമോ, സുനിതവില്യംസിന്റെ ആരോഗ്യമൊക്കെ എങ്ങിനെയുണ്ട്, നമ്മുടെ ഭാവികാലം കാണാന്‍ പറ്റുമോ സര്...സ്പേസിനെക്കുറിച്ച് എന്ത് കഥയാണ് നിങ്ങള്‍ക്കിന്ന് കേള്‍ക്കേണ്ടത് എന്ന് ചോദിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ് സോമനാഥ് ആരംഭിച്ച ശാസ്ത്രസംവാദം കുട്ടികളുടെ അവസാനിക്കാത്ത ചോദ്യങ്ങള്‍കൊണ്ട് ജിജ്ഞാസയുടെ ആഘോഷമായി മാറി.
സംസ്ഥാനസ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ് സ്കൂളില്‍ ബഹിരാകാശത്തെ ഇന്ത്യന്‍ കുതിപ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്രസംവാദമാണ് പ്രപഞ്ചത്തിന്റെ അകപ്പൊരുള്‍ ലളിതമായി വിശദീകരിക്കുന്ന സംവാദസദസായി മാറിയത്. രാവിലെതന്നെ സംവാദവേദി കുട്ടികളെക്കൊണ്ടു നിറഞ്ഞിരുന്നു.
മൈക്കല്‍ ഫാരഡേ പറഞ്ഞെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കരുത്, അത് സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്പേസ് മേഖലയില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ എന്തൊക്കെ, ബഹിരാകാശ സാങ്കേതിക വിദ്യയെ കൃഷിക്കും ദുരന്തനിവാരണത്തിനും എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്ന് ഉയര്‍ന്നു.
റോക്കറ്റിന്റെ എക്സറേ വിശകലനം ചെയ്യാന്‍ അടക്കം നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത പാസ്വേഡ് ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കാമെന്നും പുതിയ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ ദുരന്തനിവാരണത്തിനു വരെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ദിനത്തിൽ മലപ്പുറം മുന്നിൽ
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നാളെ സമാപിക്കും. രണ്ടാംദിനം പിന്നിടുമ്പോൾ മലപ്പുറം ജില്ല മുന്നിലെത്തി . ഒടുവിൽ വിവരം ലഭിക്കുമ്പോൾ 298 പോയിൻറ് മലപ്പുറം ജില്ല നേടിയിട്ടുണ്ട് . 49 ഇനങ്ങളിൽ ഒന്നാംസ്ഥാനമുണ്ട്.
287 പോയന്റുമായി തൃശൂർ ജില്ല തൊട്ടുപിന്നിലുണ്ട്. 286 പോയന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്. പാലക്കാട് (283), കോഴിക്കോട് (272), കോട്ടയം (269), എറണാകുളം (269), കാസർകോഡ് (265), വയനാട് (258), കൊല്ലം (258), ആലപ്പുഴ (249), തിരുവനന്തപുരം (246), പത്തനംതിട്ട (246), ഇടുക്കി (224) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ് നില.
ഉൾക്കണ്ണാൽ അവരുടെ കൈകൾ ചലിച്ചു....
ആലപ്പുഴ: ഉള്ക്കണ്ണിന് കരവിരുതാല്‍ കൈയും മനസും ചലിച്ചപ്പോള്‍ ശാസ്ത്രലോകം അവര്‍ക്കു മുന്നില്‍ നമിച്ചു. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിൽ ആലപ്പുഴ എസ്ഡിവി ബിഎച്ച്എസ്എസ് സ്കൂളില്‍നടന്ന സ്പെഷല്‍ സ്കൂള്‍ തത്സമയ നിര്‍മാണ മത്സരങ്ങളുടെ പ്രദര്‍ശനത്തിലാണ് കാഴ്ച പരിമിതര്‍ ഉള്‍പ്പെടുന്ന ഭിന്നശേഷി കുട്ടികളുടെ കരവിരുതും വൈദഗ്ധ്യവും കാഴ്ചയുള്ള മനുഷ്യരെ വിസ്മയിപ്പിച്ചത്.
കുട നിര്‍മാണം, ആഭരണ നിര്‍മാണം, ചിരട്ടകള്‍ കൊണ്ട് കരകൗശല നിര്‍മാണം, പായ, കുട്ട എന്നിവയുടെ നിര്‍മാണം, പ്ലാസ്റ്റിക് കസേര മെടയല്‍, പുല്ലുപായ നെയ്ത്ത്, ഈറ്റനാരുകള്കൊണ്ട് വട്ടി, കുട്ട നിര്‍മാണം, ഫ്ളവര്‍വേസുകള്‍, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള സാമഗ്രികള്‍, തടിയില്‍ തീര്‍ത്ത കൊത്തുപണികള്‍, റെക്സിന് കൊണ്ട് ബാഗ് നിര്‍മാണം, നൂലുകൊണ്ട് തീര്‍ത്ത വലകള്‍ തുടങ്ങിയ വസ്തുക്കള്‍ നിര്‍മിച്ചത് ഏറെ കൗതുകകരമായിരുന്നു.
ബ്ലൈന്‍ഡ് സ്കൂളില്‍നിന്നും സ്പെഷല്‍ സ്കൂളുകളില്‍നിന്നും എത്തിയ കുരുന്നു പ്രതിഭകള്‍ ഉള്കണ്ണിന് വെളിച്ചത്തിലാണ് വിസ്മയലോകം സൃഷ്ടിച്ചത്.
മൂന്നുമണിക്കൂറിനുള്ളില്‍ ഒരു വലിയ പായ മുഴുവന്‍ മെടഞ്ഞുതീര്ത്ത കുട്ടികളുടെ പ്രകടനം ആരെയും അമ്പരപ്പിക്കും. കത്രികയും നൂലുമെല്ലാം വഴക്കത്തോടെ ഉപയോഗിക്കുമ്പോള്‍ അന്ധത ഇവരുടെ മുന്നില്‍ തലകുനിച്ചു.
കരിമണലില്‍നിന്നു വൈദ്യുതി നിര്‍മിച്ച് സെബ്രീനയും മിന്നയും
ആലപ്പുഴ: തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഹൈസ്കൂള്‍വിഭാഗം സ്റ്റില്‍ മോഡലില്‍ സംസ്ഥാന ജേതാക്കളായിരിക്കുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ സെബ്രീന സിവിയും മിന്ന ആന്‍ നിജോയിയും.
ഷെയ്ല്ഗ്യാസ് ഉപയോഗിച്ച് വിവിധതരത്തിലുള്ള ഊര്‍ജം ഉത്പാദിപ്പിക്കാമെന്ന മോഡല്‍ അവതരിപ്പിച്ച് കഴിഞ്ഞവര്‍ഷം ഇതേവിഭാഗത്തില് ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കരിമണലില്‍ നിന്നും വൈദ്യുതി നിര്‍മിക്കുന്ന മോഡല്‍ അവതരിപ്പിച്ചാണ് മേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കരിമണലില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിച്ച് സംസ്ഥാനത്തിന്റെ വൈദ്യതി പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് അവര്‍ ശാസ്ത്രമേളയില്‍ അവകാശം ഉന്നയിച്ചു.
കരിമണലില്‍ നിന്നു തോറിയം വേര്‍തിരിച്ച് യുറേനിയവുമായി സംയോജിപ്പിച്ചാണ് വൈദ്യുതിയുടെ നിര്‍മാണം. രണ്ടാമതും സംസ്ഥാന ജേതാക്കളായതിന്റെ സന്തോഷത്തിലാണ് സെബ്രീന സിവിയും മിന്ന ആന്‍ നിജോയിയും സ്കൂള്‍ അധികൃതരും. അധ്യാപകന് ജോബിന് ജോസിന്റെ മാര്‍ഗനിര്‍ദേശവും ഇവരുടെ നേട്ടത്തിന് സഹായമായി.
കര്ഷകാധ്വാനത്തിന് വിശ്രമം നല്കുന്ന സാങ്കേതിക സംവിധാനം ശ്രദ്ധേയമായി
ആലപ്പുഴ: കര്ഷകാധ്വാനത്തിന് വിശ്രമം നല്കുന്ന സാങ്കേതിക സംവിധാനം ശാസ്ത്രമേളയില്‍ ശ്രദ്ധപിടിച്ചുപറ്റി. ക്ലോക്കില്‍ സമയം സെറ്റ് ചെയ്തു കൊടുക്കുന്നതിന് അനുസരിച്ച് കൃഷിയിടം നനയ്ക്കുന്നു.
വെള്ളം അമിതമാകുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സെന്‍സര്‍, പ്രാണികളെ തുരത്താന്‍ രാത്രികാലങ്ങളിലെ ഫോഗിംഗ് സംവിധാനം തുടങ്ങിയ വ്യത്യസ്തയാര്‍ന്ന സാങ്കേതിക മികവോടെയുള്ള ഹൈടെക്ക് കൃഷിയാണ് വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടത്.
തൃശൂര്‍ ഇരിങ്ങാലിക്കുട ഡോണ്‍ ബോസ്കോ എച്ച്എസ്എസിലെ ജിസ്വിന്‍ ജിഷനും എസ്.സി. അംഗിതും ചേര്‍ന്ന ആകര്‍ഷണീയമായ കൃഷിയിടം സമര്‍പ്പിച്ചത്.
ഓട്ടോമാറ്റിക് കവറിംഗ് സിസ്റ്റം മറ്റൊരു ശ്രദ്ധേയമായ കണ്ടുപിടിത്തം. മഴയുടെ ആദ്യതുള്ളികള്‍ വീണു തുടങ്ങുമ്പോള്‍ തന്നെ ഉണക്കാനിട്ടിരിക്കുന്ന ധാന്യങ്ങളോ മറ്റു വസ്തുക്കളുടെയോ മുകളില്‍ വാട്ടര്‍ റെസിസ്റ്റന്‍സ് പേപ്പര്‍ വിരിക്കുന്നു.
മഴമാറിയാല്‍ വീണ്ടും ഷീറ്റ് നീങ്ങി പൂര്‍വ രൂപത്തിലാവുകയും ചെയ്യുന്നു. കൃഷിയിടങ്ങളില്‍ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാലുടനെ അവയെ തുരത്താനുള്ള സംവിധാനം ഒരുക്കുന്നതും കണ്ടുപിടിത്തത്തിലുണ്ട്.
ഹൈസ്കൂള്‍ സയന്‍സ് വിഭാഗം: മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിന് ഓവറോള്‍ കിരീടം
ആലപ്പുഴ: സംസ്ഥാന ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ സയന്‍സ് വിഭാഗത്തില്‍ 25 പോയിന്റോടെ കോട്ടയം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിന് ഓവറോള്‍ കിരീടം. സ്റ്റില്‍ മോഡലില്‍-10 പോയിന്റ്, റിസര്‍ച്ച് പ്രോജക്ട്-5 പോയിന്റ്, വര്‍ക്കിംഗ് മോഡല്‍-5 പോയിന്റ്, ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റില്‍-5 പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
പാളങ്ങള്‍ ഇല്ലാത്ത സോളാര്‍ ട്രെയിന്‍...
ആലപ്പുഴ: കൊച്ചി മെട്രോയ്ക്ക് വെല്ലുവിളിയൊരുക്കി അത്രയും ചെലവില്ലാത്ത സോളാര്‍ ട്രെയിന്‍ ഒരുക്കിയാണ് കോട്ടയം മരങ്ങാട്ടുപ്പിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ അല്‍വിന ജോമോനും ഡെവിന സബിയും മേളയിലെത്തിയത്.
കൊച്ചിമെട്രോയെക്കാളും ചെലവുകുറവും സ്പീഡ് കൂടുതലും ആണ് സോളാർ ട്രെയിനിനെന്ന് ഇവര്‍ അവകാശപ്പെടുന്നു. സോളാര്‍ പവേര്‍ഡ് ട്രാക്കലെസ് സെമി മാഗ്നറ്റ് മെട്രോ എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന് ട്രാക്കും വീലും ഇല്ല എന്നതാണ് പ്രത്യേകത. തൂണുകളില്‍ മാഗ്നറ്റ് ടെക്നോളജിയിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം.
ഒരു വേസ്റ്റും വേസ്റ്റല്ലെന്ന്.....
ആലപ്പുഴ: ഭൂമിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായ വേസ്റ്റുകള്‍ സംസ്കരിച്ച് ഭാവിയില്‍ വേസ്റ്റുകള്‍ ഇല്ലാത്ത ഒരു നാടിനെ നിര്‍മിക്കാമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ ആന്‍ കാതറിന് ആന്റണിയും മെരീന സെല്ബനും. ഇവര്‍ അവതരിപ്പിച്ച ടെക്നോളജിയുടെ പേരുതന്നെ ടു സീറോ വേസ്റ്റ് എന്നാണ്.
എല്ലാത്തരം വേസ്റ്റുകളും വേര്‍തിരിച്ച് വിവിധ ഉത്പന്നങ്ങളായി മാറ്റാമെന്ന് ഇവര്‍ കൊണ്ടുവന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് ഫോര്‍ വേസ്റ്റ് മാനേജ്മെന്റിലൂടെ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്നു പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനവും ഫുഡ് വേസ്റ്റില്‍നിന്നു വൈദ്യുതിയും ഉത്പാദിപ്പിക്കാം. ഒരു വേസ്റ്റും വേസ്റ്റല്ലെന്ന് ഇവര്‍ സമര്‍ഥിക്കുന്നു.
മിസൈല്‍ വനിതയായി സ്കൂളിലെത്തി; പൂര്‍വ വിദ്യാര്‍ഥിയായി മടങ്ങി
ആലപ്പുഴ: പ്രതിരോധരംഗത്തെ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സിന്റെ സ്വാധീനം മുതല്‍ ജോലി സാധ്യതകള്‍ വരെയുള്ള ചോദ്യങ്ങള്‍ കൊണ്ട് വിജ്ഞാന സമൃദ്ധവും രസകരവുമായി മാറി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസുമായി വിദ്യാര്‍ഥികള്‍ നടത്തിയ ശാസ്ത്രസംവാദം.
പ്രതിരോധ രംഗത്ത് ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റം എന്ന വിഷയത്തില്‍ ശാസ്ത്ര സംവാദം നടന്നത് ടെസി തോമസ് അഞ്ചാം ക്ലാസ് മുതല്‍ 10 ക്ലാസുവരെ പഠിച്ച ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലായിരുന്നു.
താന്‍ ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു എന്നും സയന്‍സും മാത്തമാറ്റിക്സും പകര്‍ന്നുതന്ന സ്വര്‍ഗതുല്യമായ സ്ഥലമാണ് സെന്റ് ജോസഫ് സ്കൂള്‍ എന്നു പറഞ്ഞപ്പോള്‍ സദസ് നിറകൈയടിയോടുകൂടിയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്.
ഒരു ശാസ്ത്രജ്ഞന് എന്നാല്‍ ഓരോ നിമിഷവും ഓരോ സെക്കൻഡും തന്റെ അറിവ് വര്‍ധിപ്പിക്കുന്നതിനായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്ന് ടെസി തോമസ് ശാസ്ത്ര ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമായി നല്കി. ജീവിതത്തില്‍ വെല്ലുവിളികള്‍ വന്നുകൊണ്ടിരിക്കുമെന്നും നമ്മള് ജീവിതത്തില്‍ അറിവ് നേടാനുള്ള പഠനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കില്‍ ഒരു വെല്ലുവിളിക്കും നമ്മളെ തോല്പിക്കാന് ആകില്ലെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ നമ്മുടെ അറിവിലൂടെ സാധിക്കുമെന്നും ടെസി തോമസ് പറഞ്ഞു.
വാചാലമാകും വിരലുകൾ...
ആലപ്പുഴ: ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി ശാസ്ത്രമേളയില്‍ കുട്ടികള്‍ അവതരിപ്പിച്ച ഉപകരണം കണ്ട് ഇതേ വേദന അനുഭവിക്കുന്ന യുവാവിന്റെ സന്തോഷത്തില്‍ കണ്ടുനിന്നവരും പങ്കുചേന്നു.
ഇന്നലെ രാവിലെയാണ് ശാസ്ത്രമേളയില്‍ വികാരനിര്ഭരമായനിമിഷങ്ങള് അരങ്ങേറിയത്. എറണാകുളം കളമശേരി രാജഗിരി ഹൈസ്കൂളിലെ ഋഗ്വേദ് മാനസ്, ജൊഹാന്‍ ബൈജു എന്നിവരാണ് ആംഗ്യഭാഷയില്‍ സംസാരിക്കുന്നവര്‍ക്കായി സൈന്‍ ലാംഗ്വേജ് ട്രാ്ന്സലേറ്റര് എഐ പവേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രദര്‍ശിപ്പിച്ചത്.
ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നവരുടെ ഇരു കൈപ്പത്തികളുടെയും ചലനങ്ങള്‍ മനസിലാക്കി അത് സ്പീക്കറിലൂടെ കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യഭാഷയില്‍ അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമെന്നതാണ് ഉപകരണത്തിന്റെ പ്രധാന നേട്ടം. ഇത് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതുവഴി കടന്നുപോയ ജന്മനാ കേള്വികുറവുള്ള യുവാവിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
പത്തനംതിട്ട തിരുവല്ല പുറമമറ്റം ജിവിഎച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് എസ്.ജോണ്ബോസ്കോ ആണ് കുട്ടികളുടെ കണ്ടുപിടുത്തം കണ്ട് സന്തോഷത്തോടെ കൈയടിച്ചത്. യുവാവ് കുട്ടികളോട് പലരീതിയില്‍ ആംഗ്യഭാഷയിലൂടെ സംശയങ്ങള്‍ ചോദിച്ചു. അതിനെല്ലാം കൃത്യമായ മറുപടി സ്പീക്കറിലൂടെ വന്നു. ജോണ്ബോസ്കോയും ഭാര്യ അനുകുമാരിയും ഇതേ ദുഖം അനുഭവിക്കുന്നവരാണ്. ആംഗ്യഭാഷയിലൂടെയാണ് ഇവരുടെ സംസാരം. കുട്ടികള്‍ നിര്‍മിച്ച ഉപകരണത്തില്‍ പ്രധാനം ഒരു ഗ്ലൗസാണ്.
ആംഗ്യഭാഷയിലൂടെ ആളുകള്‍ ഇരുകൈകളും ചലിപ്പിക്കുമ്പോള്‍ ആ സിഗ്നല്‍ തിരിച്ചറിഞ്ഞാണ് ശബ്ദമായി മാറുന്നത്. ഇരുകൈകളിലും ഗ്ലൗസ് ധരിക്കണം. ഇത് സെന്‍സറിലൂടെ സിസ്റ്റത്തിലെത്തിച്ചാണ് ശബ്ദത്തിലേക്ക് മാറ്റുന്നത്.
പൈതന്‍ ലാംഗ്വേജിലാണ് ഇതിന്റെ പ്രവര്‍ത്തനം. ആംഗ്യഭാഷയിലുള്ളവരുടെ ചലനങ്ങളിലൂടെ ഇംഗ്ളീഷ്, ഹിന്ദി, ജര്‍മന്‍ തുടങ്ങി അറുപതോളം ഭാഷകളില്‍ മൊഴിമാറ്റി ശ്രവിക്കാന്‍ കഴിയും. ഈ ഉപകരണം സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് ആക്കി മാറ്റാനും ഉദ്ദേശിക്കുന്നതായി അവര്‍ പറഞ്ഞു.
ഷിരൂർ ആവർത്തിക്കാതിരിക്കാൻ ഓട്ടോ സേവ് ടെക്ക് കണ്ടുപിടിത്തവുമായി വിദ്യാർഥികൾ
ആലപ്പുഴ: കർണാടകയിലെ ഷീരൂര്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള തിരുവനന്തപുരം കടുവാപള്ളി കെറ്റിസിറ്റി എച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തം സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽശ്രദ്ധേയമായി.
ഷിരൂരിൽ ലോറി ഡ്രൈവർ അർജുൻ അപകടത്തില്‍പെട്ട വാഹനവും അര്‍ജുനിന്റെ സാന്നിധ്യവും കണ്ടെത്താന്‍ മാസങ്ങള്‍ എടുക്കേണ്ടി വന്ന അധികൃതര്‍ക്ക് മുന്നിലേക്കാണ് മുഹമ്മദ് മുബാറക്കും ബിസ്മിയും ചേര്‍ന്ന് പുതിയൊരു സാങ്കേതി വിദ്യ ഓട്ടോ സേവ് ടെക്കെന്ന പേരിൽ അവതരിപ്പിച്ചത്.
വാഹനം മണ്ണിനടിയിലോ ജലാശയത്തിലോ പോയാല്‍ പോലും രക്ഷാസംഘത്തിന് ലോക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. അപകടത്തില്‍പ്പെടുന്ന വാഹനത്തിനുള്ളിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്നും ഇവരുടെ സാങ്കേതിക സംവിധാനം കണ്ടെത്തും.
ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ച് അകത്ത് വെള്ളം കടക്കാതെ സംരക്ഷണം ഒരുക്കും. യാത്രക്കാര്‍ ഇത്തരത്തില്‍ അകപ്പെട്ടാല്‍ ഓക്സിജന്‍ ലഭ്യമാക്കി ജീവന് നിലനിര്‍ത്താനുള്ള സംവിധാനവും ഓട്ടോ സേവ് ടെക്ക് മുന്നോട്ടുവയ്ക്കുന്നു.
ഇതിന് പുറമേ വാഹനത്തിന് അപകടം സംഭവിക്കുകയോ മറ്റോ ചെയ്താല്‍ ആര്‍ടി ഓഫീസില്‍ സിഗ്നല്‍ ലഭിക്കുന്ന സംവിധാനവും ഒരുക്കിയിടിട്ടുണ്ട്. ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ് ഇവര്‍ നിലവില്‍ ഇത് വികസിപ്പിച്ചെടുത്തത്.