ആത്മകഥാ വിവാദം: ഗൂഢാലോചനയെന്ന് ജയരാജൻ, എല്ലാം അന്വേഷിക്കട്ടെയെന്ന് ഗോവിന്ദൻ
Saturday, November 16, 2024 1:50 AM IST
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ഇ.പി. ജയരാജനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം.
ഇടതുമുന്നണി കണ്വീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടശേഷം ഇന്നലെ ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാനെത്തിയ ജയരാജൻ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങളെ സംബന്ധിച്ചു യോഗത്തിൽ വിശദീകരിച്ചു.
തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
തന്നെ രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമം നടക്കുകയാണെന്നും ശരിയായ അന്വേഷണം നടന്നാൽ നിജസ്ഥിതി പുറത്തുവരുമെന്നും ജയരാജൻ യോഗത്തിൽ പറഞ്ഞു. എന്നാൽ ഡിജിപിക്ക് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കാമെന്നുമുള്ള നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
ഉപതെരഞ്ഞെടുപ്പുദിവസംതന്നെ ഇ.പി. ജയരാജന്റെ ആത്മകഥയിൽ ഉണ്ടെന്നു പറയപ്പെടുന്ന വിവാദങ്ങൾ പുറത്തുവന്നത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായത്. പ്രത്യേകിച്ച്, 20നു നടക്കാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആത്മകഥയിലുണ്ടെന്നു പറഞ്ഞ് പുറത്തുവന്ന ഇടത് സ്ഥാനാർഥി പി.സരിനെതിരേയുള്ള പരാമർശം പ്രവർത്തകർക്കിടയിലും വോട്ടർമാർക്കിടയിലും സംശയം ജനിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട സെക്രട്ടേറിയറ്റ് ഇപിയുടെ വാദങ്ങളെ പൂർണമായും തള്ളാത്ത നിലപാടാണു സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം വിവാദം പാർട്ടി പരിശോധിക്കും.
പോലീസ് അന്വേഷണംകൂടി കഴിഞ്ഞാകും സിപിഎം കൂടുതൽ പരിശോധന നടത്തുക. അതുവരെ തത്കാലം ആത്മകഥാ വിവാദം അതിന്റെ വഴിക്കു പോകട്ടെയെന്ന നിലപാടാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
ഇ.പി.ജയരാജനെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് പത്രസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിച്ചത്.