‘ആയുഷ്മാന്‍ വയോ വന്ദന’ കേരളത്തില്‍ നടപ്പായില്ല
ബിജു കുര്യന്
Monday, November 18, 2024 6:23 AM IST
പത്തനംതിട്ട: ആയുഷ്മാന്‍ ഭാരത് വയോ വന്ദന (പിഎംജെവൈ) ഇന്‍ഷ്വറന്‍സ് പദ്ധതിയോടു മുഖം തിരിഞ്ഞു കേരളം. എഴുപതു വയസ് പൂര്‍ത്തിയായവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളിലെ അവ്യക്തതയാണ് സംസ്ഥാനം പദ്ധതി ഏറ്റെടുക്കുന്നതില്‍ താത്പര്യം കാട്ടാതിരിക്കുന്നത്. ഇതിനിടെ കേന്ദ്ര പദ്ധതിയില്‍ നേരിട്ട് അംഗത്വം എടുത്തവര്‍ ഇതര ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ നിന്ന് ഇതിനോടകം പുറത്തായിരിക്കുകയാണ്.
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ പിഎംജെവൈ പദ്ധതിയുടെ രജിസ്ട്രേഷന് നടത്തേണ്ടതില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സിഎസ്്സി, ഇന്റർനെറ്റ് കഫേകളിലുമൊക്കെ എത്തി ആളുകള്‍ രജിസ്ട്രേഷന് നടത്തുകയും ചെയ്തു. മൂന്നാഴ്ച മുമ്പാണ് പദ്ധതിയുടെ രജിസ്ട്രേഷന് തുടങ്ങിയത്. രാജ്യത്താകമാനം ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകള്‍ രജിസ്ട്രേഷന് നടത്തിയിട്ടുമുണ്ട്.
നിലവില്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധിയില്‍ വയോധികരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തന്നെയാണ് കേന്ദ്ര പദ്ധതിയിലും അംഗമാകേണ്ടത്. പദ്ധതിയില്‍ അംഗമാകുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ആളുകള്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട രൂപരേഖയോ ഗൈഡ് ലൈനുകളോ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ ഇന്‍ഷ്വറന്‍സ് ചുമതലയുള്ളവര്‍ പറയുന്നത്. പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാനം 40 ശതമാനവും പ്രീമിയം അടയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ അംഗങ്ങളാകുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും.
പിഎംജെവൈ പദ്ധതിയുടെ രജിസ്ട്രേഷന് ഏതൊരാള്‍ക്കും നേരിട്ടും നടത്താനാകും. ഇത്തരത്തില്‍ നിരവധിയാളുകള്‍ ഇതിനോടകം അംഗത്വം എടുത്തു. പദ്ധതിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലിയില്‍ മറ്റ് ഏതെങ്കിലും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാണോയെന്ന് ചോദിച്ചിട്ടുണ്ട്. അംഗമാണെന്ന് അറിയിക്കുന്നതോടെ ഇതര പദ്ധതികളില്‍ നിന്നെല്ലാം പുറത്താകുന്ന സാഹചര്യമാണ്. ഇതോടെ ചികിത്സ തേടി ആശുപത്രിയിലെത്തുമ്പോഴായിരിക്കും തങ്ങള്‍ക്ക് ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിയുമില്ലെന്ന വിവരം പലരും അറിയുന്നത്.