റേഷൻ വ്യാപാരികൾ കടയടച്ചു സമരത്തിന്
Monday, November 18, 2024 6:22 AM IST
തൃശൂർ: തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടയടച്ചു സമരത്തിന്. നാളെ റേഷൻ കടകൾ അടച്ചിട്ടു താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തും. രണ്ടു മാസമായി ശന്പളമില്ലെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മീഷന്റെ പകുതിമാത്രമാണു ലഭിച്ചതെന്നും മുൻ എംഎൽഎ ജോണി നെല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
കിറ്റ് കമ്മീഷൻ പകുതിയോളം വ്യാപാരികൾക്കാണു ലഭിച്ചത്. ധനവകുപ്പിന്റെ ഇടപെടലില്ലാത്തതാണു പ്രതിസന്ധിക്കു കാരണം. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം. ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെ വ്യാപാരികൾക്കു ലഭിച്ചിട്ടില്ല. വേതനവർധന, ക്ഷേമനിധി, കെടിപിഡിഎസ് ഉത്തരവ് പരിഷ്കരണം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കു പരിഹാരമുണ്ടാകണം.
മറിച്ചായാൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പുസമരവുമായി മുന്നോട്ടുപോകും. ഇതിനുള്ള പ്രചാരണപരിപാടികൾ ആരംഭിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന വാതിൽപ്പടികരാറുകാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ റേഷൻകടകളിൽ അരിയില്ലാത്ത സ്ഥിതിയുണ്ടാകുമെന്നും തൃശൂരിൽ ചേർന്ന യോഗം വിലയിരുത്തി.
വർക്കിംഗ് ചെയർമാൻ അഡ്വ. ജി. കൃഷ്ണപ്രസാദ്, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശശിധരൻ, എകെആർആർഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, കോ-ഓർഡിനേഷൻ കമ്മിറ്റി ട്രഷറർ സി. മോഹനൻ പിള്ള, കെഎസ്ആർആർഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കാര്യാട്ട്, ഡാനിയൽ ജോർജ് വയനാട്, ഷജീർ, കുറ്റിയിൽ ശ്യാം, ഉണ്ണികൃഷ്ണപിള്ള, പി.ജെ ജോണ് എന്നിവർ പ്രസംഗിച്ചു.