സന്ദീപ് വാര്യര്‍ക്ക് പാണക്കാട്ട് സ്നേഹോഷ്മള സ്വീകരണം
Monday, November 18, 2024 6:23 AM IST
മലപ്പുറം: ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുസ്ലിം ലീഗ് നേതാക്കളെ കാണാന്‍ ഇന്നലെ രാവിലെ 8.30ന് പാണക്കാട്ടെത്തി. എംഎല്‍എമാരായ എന്‍. ഷംസുദ്ദീന്, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, കെപിസിസി സെക്രട്ടറി വി. ബാബുരാജ് എന്നിവരോടൊപ്പമാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു.
അതിഥികളെ സ്വീകരിക്കുന്ന മുറിയിലെത്തിയ സന്ദീപിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചു. ഏതാനും സമയം അവിടെയിരുന്ന് സംസാരിച്ച ശേഷം നേതാക്കള്‍ സന്ദീപിനെ വീടിനകത്തേക്കു സ്വാഗതം ചെയ്തു. പിന്നീട് 30 മിനിറ്റ് സമയത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യരും ലീഗ് നേതാക്കളും മാധ്യമങ്ങളോട് സംസാരിച്ചു.
മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിനു കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. “മലപ്പുറവുമായി എനിക്ക് പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതില്‍ കത്തി നശിച്ചപ്പോള്‍ അവിടേക്ക് ആദ്യം ഓടിയെത്തുന്നത് പാണക്കാട് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അദ്ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ചു പോകണമെന്നും മാനവസൗഹാര്‍ദമാണ് എല്ലാറ്റിനും മുകളിലെന്നും വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും സഹായം ചോദിച്ച് ഇവിടെയെത്താം. കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേക്കു വരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്.'-സന്ദീപ് വാര്യർ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടെ എന്നൊക്കെ പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ്. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ വലിയ കാര്യമാണ്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയില്‍ പ്രവര്‍ത്തിച്ചു മടുത്തിട്ടാണ് വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് യുഡിഎഫിന്റെ മാനവികതയുടെ പക്ഷത്തേക്ക് വന്നത്. ബിജെപിയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തല്ലിയാലും അവര്‍ നന്നാകാന്‍ പോകുന്നില്ല. താന്‍ ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് ഈ വരവ് മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം - സന്ദീപ് വാര്യര്‍ പറഞ്ഞു.
സന്തോഷമെന്ന്സാദിഖലി തങ്ങള്‍
മലപ്പുറം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും രാഷ്ട്രീയ ഭൂമിയിലേക്ക് നേരത്തെയുള്ള നിലപാട് മാറ്റിയാണ് സന്ദീപ് വാര്യര്‍ എത്തിയിരിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.