മൂവാറ്റുപുഴ രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു
Monday, November 18, 2024 6:22 AM IST
പീച്ചി: വിശ്വാസീസമൂഹം ദിവ്യകാരുണ്യ അനുഭവത്തിൽ സ്വയം സമർപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് പീച്ചി ദർശന കണ്വൻഷൻ സെന്ററിൽ സമാപിച്ചു.
2023 നവംബർ 30ന് ആരംഭിച്ച ദിവ്യകാരുണ്യവർഷത്തിനാണ് സെമിനാർ, ആഘോഷമായ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയോടെ സമാപനമായത്.
പൊതുസമ്മേളനം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പൂന-കട്കി രൂപത ബിഷപ്പായി നിയമിതനായ മൂവാറ്റുപുഴ രൂപതാംഗം ഡോ. മാത്യൂസ് മാർ പക്കോമിയോസിനെ അനുമോദിച്ചു. ഇരുപത്തഞ്ചു വർഷത്തിൽ അധികമായി അൾത്താരശുശ്രൂഷ നിർവഹിക്കുന്ന 28 വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ബിഷപ് ഡോ. ഏബ്രഹാം മാർ ജൂലിയോസ്, തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ജോണി ചെരിക്കായത്ത് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറിൽ ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, ഫാ. ജോളി കരിന്പിൽ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. വൈദികർ, സന്യസ്തർ, ഇടവകകളിൽനിന്നുള്ള അല്മായപ്രതിനിധികൾ എന്നിവർ ഉൾപ്പെടെ ആയിരത്തോളംപേർ ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുത്തു.