വയനാട് ഉരുൾപൊട്ടൽ ദുരന്തം: മാനദണ്ഡപ്രകാരമുള്ള മാർഗം തേടാൻ കേരളം
Saturday, November 16, 2024 1:50 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിൽ പുനരധിവാസത്തിനുള്ള തുക നേടിയെടുക്കാൻ മാനദണ്ഡ പ്രകാരമുള്ള മാർഗങ്ങൾ സ്വീകരിച്ചു കേരളം.
ദുരന്ത നിവാരണ നിധിയിലെ മാനദണ്ഡം അനുസരിച്ചുള്ള ദുരന്തത്തിനു ശേഷം പുനരധിവാസം ഉൾപ്പെടെയുള്ളവയ്ക്കുള്ള ആവശ്യകത (പിഡിഎൻഎ) വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കും. കേന്ദ്ര മാനദണ്ഡ പ്രകാരം പിഡിഎൻഎ സമർപ്പിക്കാൻ കേന്ദ്രം നേരത്തേ സംസ്ഥാനത്തോടു നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞയാഴ്ച ചേർന്ന് ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്ന വിവരങ്ങളും തുകയും അടക്കമുള്ള റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, ദുരന്ത നിവാരണ മാനദണ്ഡ പ്രകാരമുള്ള പിഡിഎൻഎ കേന്ദ്രത്തിനു നേരത്തെ സമർപ്പിച്ചിരുന്നില്ല.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തെ അറിയിച്ചതിനു പിന്നാലെ പിഡിഎൻഎ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി. വൈകാതെ ഇതു കേന്ദ്രത്തിനു സമർപ്പിക്കും.
ദേശീയ ദുരന്തം എന്ന വാക്ക് മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്നും ഇതിനു പകരമുള്ള വാക്ക് റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന ആവശ്യകതയും പരിഗണിക്കും. എന്നാൽ, സംസ്ഥാന ദുരന്ത നിവാരണ നിധിയിലുള്ള തുകയുടെ പേരിൽ വയനാട് പുനർനിർമാണത്തിന് ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കാത്തതിലെ പ്രതിഷേധവും അറിയിക്കും.
എസ്ഡിആർഫിലെ 394 കോടി രൂപ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറിയ ദുരന്തങ്ങൾക്ക് അടക്കം വിനിയോഗിക്കാനുള്ളതാണെന്നു കാണിച്ചു കേന്ദ്രത്തിനു കേരളം മറുപടി കത്തു നൽകുന്നതും പരിഗണനയിലുണ്ട്.
ഉപതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷം വിളിച്ചു ചേർത്തിട്ടുള്ള എംപിമാരുടെ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്യും.
ഇതോടൊപ്പം സംസ്ഥാനത്തോടു കാട്ടുന്ന കേന്ദ്ര അവഗണനയ്ക്കെതിരേ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുപ്പിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം.
കേരളത്തോടുള്ള കേന്ദ്ര അവഗണനയെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം വീണ്ടും പ്രധാനമന്ത്രിയെയും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെയും നേരിട്ടു കണ്ടു നിവേദനം നൽകുന്നത് അടക്കമുള്ള സമീപനങ്ങളും സർക്കാർ സ്വീകരിക്കും.