സരിൻ മിടുക്കനായ സ്ഥാനാർഥിയാണെന്നു മുഖ്യമന്ത്രി
Sunday, November 17, 2024 1:52 AM IST
പാലക്കാട്: ഡോ. പി. സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതോടെ കോണ്ഗ്രസും ബിജെപിയും അങ്കലാപ്പിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ അങ്കലാപ്പ് സ്വാഭാവികമാണ്. ഇതോടെ എല്ലാ തെറ്റായ വഴിയും സ്വീകരിച്ച് അവർ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മേപ്പറന്പിൽ സംഘടിപ്പിച്ച എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സരിൻ എൽഡിഎഫിന്റെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ ഉണർവും ഉത്സാഹവും വർധിച്ചു. അതിനിടയാക്കിയതു പാലക്കാട്ട് കുറച്ചുകാലമായി നിലനിൽക്കുന്ന സ്ഥിതിവിശേഷം മാറണമെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസമാണ്.
കേരളത്തിലാകെയുണ്ടായ വികസനമുന്നേറ്റത്തിനൊപ്പം നിൽക്കാൻ പാലക്കാടിനും കഴിയണ്ടേ എന്ന ചിന്ത പാലക്കാട്ടെ ഭൂരിഭാഗം ആളുകളുടെയും മനസിലുണ്ട്. ആ ദൗത്യമാണ് സരിൻ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം മിടുക്കനായ സ്ഥാനാർഥിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫും ബിജെപിയും ഒത്തുകളിച്ചാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആ ഡീലുകളൊക്കെ ജനം നിത്യവും കാണുന്നുണ്ട്. എല്ലാക്കാലത്തും അവർ അതു തുടർന്നിരുന്നു. ചരിത്രത്തിൽ പാലക്കാട്ടുനിന്ന് അതിന്റെ ഉദാഹരണങ്ങൾ കാണാം.
1960ൽ പട്ടാന്പിയിൽ ഇഎംഎസും 1971ൽ പാലക്കാട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ എകെജിയും മത്സരിച്ചപ്പോൾ ഈ അവിശുദ്ധ കൂട്ടുകെട്ട് നാം കണ്ടിരുന്നു. അതിനെയെല്ലാം അന്നുതന്നെ ജനം ബാലറ്റ് പേപ്പറിലൂടെ തള്ളിക്കളഞ്ഞതുമാണ്. ഇത്തവണയും അതുതന്നെയാണ് നടക്കുക.
കഴിഞ്ഞ എട്ടര വർഷക്കാലത്തെ ഇടതുസർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സരിനായി വോട്ടുചോദിച്ചത്.
കെ. ബാബു എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി. രാജേഷ്, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ, മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ, ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് എന്നിവർ പങ്കെടുത്തു.