അന്റാർട്ടിക്കൻ പര്യവേക്ഷണത്തിന് ഡോ. ഫെമി അന്ന തോമസും
Monday, November 18, 2024 6:22 AM IST
ആലുവ: ഇന്ത്യയുടെ അഭിമാന പര്യവേക്ഷണത്തിൽ പങ്കാളിയാകാൻ ആലുവ യുസി കോളജ് സുവോളജി വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ഫെമി അന്ന തോമസ് അന്റാർട്ടിക്കയിലേക്ക്.
‘അണ്ടർസ്റ്റാൻഡിംഗ് മൈക്രോ പ്ലാസ്റ്റിക് പൊലൂഷൻ ആൻഡ് പ്ലാസ്റ്റിസ്ഫിയർ കമ്യൂണിറ്റി ഡൈനാമിക്സ് ഇൻ അന്റാർട്ടിക്ക എൻവയോൺമെന്റ്: ഇംപ്ലിക്കേഷൻസ് ഫോർ കൺസർവേഷൻ ആൻഡ് മാനേജ്മെന്റ്’ എന്ന വിഷയത്തിലാണു ഗവേഷണം. ഡിസംബർ മുതൽ 2025 മാർച്ച് വരെയാണു കാലാവധി.
നാഷണൽ കമ്മിറ്റി ഓൺ പോളാർ പ്രോഗ്രാമിന്റെ (എൻസിസിപി) അംഗീകാരത്തോടെയാണു ഡോ. ഫെമിയുടെ റിസർച്ച് പ്രൊപ്പോസൽ അംഗീകരിച്ചത്.
ദൗത്യത്തിന്റെ ഭാഗമായി സമുദ്ര സാമ്പിളുകൾ ശേഖരിക്കുകയും ഇന്ത്യൻ അന്റാർട്ടിക് സ്റ്റേഷനുകളായ ഭാരതി, മൈത്രി എന്നിവയുടെ അടുത്തുള്ള തടാകങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്യും.
2017, 2018 വർഷങ്ങളിൽ ഇന്ത്യൻ ആർട്ടിക് ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫെമിക്ക് ദക്ഷിണ ധ്രുവത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകളെയും മൈക്രോബുകളെയും കുറിച്ചുള്ള പഠനത്തിന് പുതിയ അവസരമാണു ലഭിച്ചിരിക്കുന്നത്.ആർട്ടിക് ദൗത്യത്തിലും അന്റാർട്ടിക് ദൗത്യത്തിലും പങ്കെടുക്കാൻ അവസരം ലഭിച്ച ചുരുക്കം മലയാളികളിൽ ഒരാളാണ് ഡോ. ഫെമി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഡോ. ഫെമി ഡൽഹിയിലെ എയിംസിൽനിന്നു മെഡിക്കൽ പരിശോധനയും ഉത്തരാഖണ്ഡിലെ ഔലിയയിലുള്ള സ്നോ അക്ലൈമടൈസേഷൻ പരിശീലനവും വിജയകരമായി പൂർത്തീകരിച്ചു.